ഉദാരമനസ്കരായ ആളുകളെ എല്ലാവരും കണ്ടിട്ടുണ്ടാവും. പത്ത് ചോദിച്ചാല്‍ നൂറ് കൊടുക്കുന്ന തരത്തിലുള്ള ആളുകള്‍. നൂറ് ചോദിച്ചാല്‍ ആയിരം കൊടുക്കുന്നവര്‍. എന്നാല്‍ ഇവിടെ ആ ഉദാരമനസ്കത കാണിച്ചിരിക്കുന്നത്, മനുഷ്യനല്ല, മെഷീനാണ്.
ഇടപാടുകാരന് ആവശ്യപ്പെടുന്ന പണത്തിന്റെ അഞ്ചിരട്ടി നല്‍കിയാണ് എടിഎം ആളുകളെ ഞെട്ടിച്ചിരിക്കുന്നത്. എന്നാല്‍ എടിഎം ഉദാരമനസ്കത കാണിച്ചപ്പോള്‍ നഷ്ടം വന്നത് ബാങ്കിനാണ്. ലക്ഷങ്ങളായിരുന്നു ആ നഷ്ടം.
മഹാരാഷ്ട്രയിലെ നാസിക്കിലെ സിഡ്കോ മേഖലയിലെ വിജയനഗര്‍ എടിഎമ്മാണ് ഇടപാടുകാര്‍ക്ക് കൈയയച്ച് പണം നല്കി വേറിട്ട് നിന്നത്. അനിയന്ത്രിതമായി പണം നഷ്ടമാകുന്നുവെന്നറിഞ്ഞതോടെ ആക്സിസ് ബാങ്ക് സ്വന്തം എടിഎമ്മിന് തത്കാലം താഴിട്ടു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് പണം ലോഡ് ചെയ്തിന് ശേഷമാണ് മെഷീന് ഇടപാടുകാരോട് കരുണ കാണിച്ചു തുടങ്ങിയത്. 1000 ചോദിച്ചാല്‍ 5000 വും 4000 ന് 20000 വും ഇടപാടുകാര്‍ക്കായി എടിഎം നല്കി. ഇടപാടുകാര്‍ തന്നെയാണ് ബാങ്കില്‍ വിവരമറിയിച്ചതും.
എടിഎമ്മിന്റെ താളപിഴ പിന്നീട് മനസിലാക്കിയ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ പ്രവീണ്‍ ഭൈസെ ആംബാദ് പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും മെഷീന് തത്കാലം വിലക്കേര്‍പ്പെടുത്തുകയുമായിരുന്നു. കൂടുതല്‍ തുക പിന്‍വലിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ സമാഹരിച്ചിട്ടുണ്ടെന്ന് ബാങ്ക് വ്യക്തമാക്കി.