മുംബൈ: രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന മഹാരാഷ്ട്രയിൽ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്. ഗവർണർ ഭഗത് സിംഗ് കോഷിയാരി പ്രത്യേക സമ്മേളം വിളിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ സെക്രട്ടറിയേറ്റിന് കത്ത് നൽകി. ഇതോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൂടുതൽ സമ്മദർത്തിലാകും.
ബിജെപി നേതാക്കളും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഭഡ്നാവിസും ചൊവ്വാഴ്ച രാത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഗവർണർ വിശ്വാസ വോട്ടെടുപ്പിന് നിർദേശിച്ചതെന്നും ശ്രദ്ധേയമാണ്.
സഭാ നടപടികൾ ചിത്രീകരിക്കണമെന്നും ഗവർണർ നിർദേശിച്ചു. രാവിലെ 11ന് സഭ ചേരണം. വൈകുന്നേരം അഞ്ചിനകം നടപടികൾ പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്.
വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങുന്നതോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഭൂരിപക്ഷം തെളിക്കുക അസാധ്യമായിരിക്കും. വിശ്വാസ വോട്ടെടുപ്പ് വിജയിക്കാൻ 144 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്. നിലവിൽ 108 എംഎൽഎമാരുടെ മാത്രം പിന്തുണയാണ് ഉദ്ധവിനുള്ളത്.
അതേസമയം 48 എംഎൽഎമാർ തനിക്കൊപ്പം ഉണ്ടെന്നാണ് വിമതപക്ഷത്തുള്ള ഏകനാഥ് ഷിൻഡെയുടെ വാദം. 39 ശിവസേന എംഎൽഎമാരും എട്ട് സ്വതന്ത്ര, ചെറു പാർട്ടി എംഎൽഎമാരും ഉണ്ടെന്നും ഷിൻഡെ അവകാശപ്പെട്ടു. ഇവർ സർക്കാരിനെതിരായി വോട്ട് രേഖപ്പെടുത്തിയാൽ ഉദ്ധവിന് അധികാരം നഷ്ടമാകും.
എന്നാൽ ഷിൻഡെ വിഭാഗവും ഇതുവരെ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല. മൂന്നിൽ രണ്ട് എംഎൽഎമാരുടെ പിന്തുണ ഉപകാരപെടണമെങ്കിൽ എതെങ്കിലും പാർട്ടിയുടെ ഭാഗമാണം. അല്ലാത്ത പക്ഷം ഇവരെ അയോഗ്യരാക്കാനും സാധിക്കും.
അതോടൊപ്പം ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. വിമതപക്ഷത്തുള്ള 16 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ഉദ്ധവ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഡെപ്യൂട്ടി സ്പീക്കർ ഇവർക്ക് നോട്ടീസ് നൽകുയും ചെയ്തു.
ഇതിനു പിന്നാലെ ഇവർ സുപ്രീംകോടതിയെ സമീപിച്ചതോടെ ജൂലൈ 12 വരെ വിമതർക്ക് കാലാതാമസം നൽകി. ഈ സാഹചര്യത്തിലാണ് ഉദ്ധവ് സുപ്രീംകോടതിയിലേക്ക് നീങ്ങാൻ സാധ്യത.