നിയാസ് മുസ്തഫ
മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാർ രൂപീകരണത്തിന് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ഇവർക്കിടയിൽ ഇപ്പോഴും ചർച്ചകൾ തുടരുകയാണ്. ശിവസേനയെ പിന്തുണയ്ക്കാമെന്ന് എൻസിപിയും കോൺഗ്രസും ഏകദേശ ധാരണയിൽ എത്തിയതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. പക്ഷേ ഒരു വ്യവസ്ഥ എൻസിപിയും കോൺഗ്രസും ശിവസേനയ്ക്കു മുന്നിൽ വയ്ക്കും.
ഏക സിവിൽ കോഡ്, ഹിന്ദു രാഷ്ട്രം, പ്രാദേശിക വാദം തുടങ്ങിയ വിവാദ വിഷയങ്ങളിലുള്ള ശിവസേനയുടെ തീവ്രനിലപാടുകൾ ഉപേക്ഷിക്കുക എന്നതായിരിക്കും ആ വ്യവസ്ഥ. മാത്രവുമല്ല, ഭരണവുമായി മുന്നോട്ടുപോകുന്പോൾ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഒരു പൊതു മിനിമം പരിപാടി ഉണ്ടാവേണ്ടതുമുണ്ട്. ഈ വ്യവസ്ഥകൾ അംഗീകരിച്ചാൽ ശിവസേനയുമായി കൂട്ടുകൂടുന്നതിൽനിന്ന് കോൺഗ്രസിനെയും എൻസിപിയേയും വിലക്കിയ നേതാക്കളെയും ഇതര പാർട്ടികളെയും അനുനയിപ്പിക്കാനാവുമെന്നും എൻസിപി-കോൺഗ്രസ് നേതാക്കൾ കരുതുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ ശിവസേന ഏതു തരത്തിലുള്ള ഒത്തുതീർപ്പിനും വഴങ്ങുമെന്നു തന്നെയാണ് കരുതുന്നത്. ആദ്യത്തെ രണ്ടരവർഷം ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം നൽകാൻ എൻസിപിയും കോൺഗ്രസും തയാറായേക്കും. ബാക്കിയുള്ള രണ്ടര വർഷം എൻസിപി മുഖ്യമന്ത്രി പദത്തിന് അവകാശം ഉന്നയിക്കും. സ്പീക്കർ സ്ഥാനത്തേക്കാണ് കോൺഗ്രസിന്റെ നോട്ടം. ഇതോടൊപ്പം മന്ത്രിമാരുടെ എണ്ണം തുല്യമായി വീതിച്ചേക്കും.
അതേസമയം, മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി സർക്കാർ രൂപീകരിക്കാൻ മതിയായ സമയം തന്നില്ലായെന്നും സർക്കാർ രൂപീകരിക്കാൻ ഒരുക്കമാണെന്നും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ ശിവസേന നൽകിയ ഹർജി ഇന്ന് പരിഗണിച്ചേക്കും. ഈ ഹർജിയിൽമേലുള്ള കോടതിയുടെ തീരുമാനം ഏറെ നിർണായകമാണ്. ശിവസേനയുടെ ആവശ്യം കോടതി അംഗീകരിച്ചാൽ ഏറ്റവും അടുത്ത ദിവസം ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരും
ശിവസേന അകന്നുനിൽക്കുന്നതിനാൽ മറ്റ് പാർട്ടികളിൽ നിന്നുള്ള എംഎൽഎമാരെ അടർത്തിയെടുത്ത് സർക്കാരുണ്ടാക്കേണ്ടെന്ന നിലപാടിലാണ് ബിജെപി. സംസ്ഥാനത്ത് വീണ്ടും തെരഞ്ഞെടുപ്പ് വരണമെന്നാണ് ബിജെപിയുടെ ആഗ്രഹം. മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് ഒറ്റയ്ക്ക് സർക്കാരുണ്ടാക്കാൻ ഇതുവഴി സാധിക്കുമെന്ന് ബിജെപി കണക്കുകൂട്ടൂന്നു.
പക്ഷേ, തങ്ങളെ ഉപേക്ഷിച്ചുപോയ ശിവസേന തിരികെയെത്തിയാൽ അവരുമായി പഴയ ബന്ധം തുടരുന്നതിൽ ബിജെപിക്ക് എതിർപ്പുമില്ല. അങ്ങനെ വന്നാൽ മുഖ്യമന്ത്രി പദം പങ്കിടണമെന്ന നിലപാട് ശിവസേന ഉപേക്ഷിക്കേണ്ടി വരും. ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാരുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ബിജെപി വിലയിരുത്തുന്നത്.
ശിവസേനയിലെ പല എംഎൽഎമാരും തങ്ങളെ സമീപിക്കുന്നുണ്ടെന്ന് ബിജെപി ഇപ്പോഴും അവകാശപ്പെടുന്നു. ശിവസേന തലവൻ ഉദ്ധവ് താക്കറെയെ കോണ്ഗ്രസും എൻസിപിയും വിഡ്ഢിയാക്കുകയാണെന്നും തങ്ങളോടൊപ്പം ചേരുകയല്ലാതെ ശിവസേനയ്ക്ക് മറ്റു വഴികളില്ലായെന്നുമാണ് ബിജെപി നേതാക്കൾ പറയുന്നത്.
രാഷ്ട്രപതി ഭരണം മഹാരാഷ്ട്രയിൽ ഏർപ്പെടുത്തിയതിനെതിരേ ബിജെപിക്കെതിരെ ശക്തമായ ഭാഷയിലാണ് ശിവസേന തലവൻ ഉദ്ധവ് താക്കറെ വാർത്താസമ്മേളനത്തിൽ സംസാരിച്ചത്. സർക്കാർ രൂപവത്കരിക്കാൻ ഗവർണർ മതിയായ സമയം നൽകിയില്ലെന്നും 48 മണിക്കൂർ സമയം ചോദിച്ച തങ്ങൾക്ക് ഗവർണർ ഇപ്പോൾ ആറ് മാസം തന്നിരിക്കുകയാണെന്നും ഗവർണറുടെ നടപടിയെ പരിഹസിച്ച് ഉദ്ധവ് പറഞ്ഞു.
അതേസമയം, ശിവസേനയുടെ മുഖപത്രമായ സാമ്ന ഗവർണ റുടെ നടപടിയെ നിശിതമായി വിമർശിച്ചിട്ടുണ്ട്. വർണറുടെ നടപടി ഭരണഘടനാ വിരുദ്ധവും നീതീകരിക്കാനാവാത്തതും വഞ്ചനയാ ണെന്നും രാഷ്ട്രപതി ഭരണം കുതിരക്കച്ചവടത്തിന് വഴിതെളിക്കു മെന്നും സാമ്നയിൽ പറയുന്നു.