നിയാസ് മുസ്തഫ
മഹാരാഷ്്ട്രയിൽ ബിജെപി നേതാക്കൾ പറഞ്ഞുകൊണ്ടിരുന്നത് സത്യമായി പുലരുകയാണോ? ആണെന്നാണ് ചില സൂചനകൾ ചൂണ്ടിക്കാട്ടുന്നത്. എൻസിപിയും കോണ്‍ഗ്രസും ശിവസേനയെ വിഡ്ഢികളാക്കുകയാണെന്നും ശിവസേന-എൻസിപി-കോണ്‍ഗ്രസ് സർക്കാർ വരില്ലെന്നുമായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണങ്ങൾ അടുത്തിടെ വന്നത്. എന്നിരുന്നാലും കഴിഞ്ഞ ദിവസം വരെ ശിവസേന-എൻസിപി-കോണ്‍ഗ്രസ് ത്രികക്ഷി സർക്കാർ വരുമെന്നു തന്നെയായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ ഇന്നലെ നടന്ന ശരത് പവാർ-സോണിയ ഗാന്ധി കൂടിക്കാഴ്ചയിൽ സഖ്യം സംബന്ധിച്ച് ഒൗദ്യോഗിക തീരുമാനം വരാത്ത സ്ഥിതിക്ക് ത്രികകക്ഷി സർക്കാരിനുള്ള സാധ്യതകൾ മങ്ങിയ നിലയിലാണ്. തെരഞ്ഞെടുപ്പ് നടന്ന് ദിവസങ്ങൾ ഏറെ പിന്നിട്ടിട്ടും സർക്കാർ രൂപീകരിക്കാൻ ശിവസേനയ്ക്കു കഴിയാത്തതിൽ അവരുടെ എംഎൽഎമാരിൽ പലർക്കും അമർഷമുണ്ട്. എൻസിപി-കോണ്‍ഗ്രസ് നേതൃത്വം തങ്ങളെ വിഡ്ഢികളാക്കുകയാണോ എന്ന സംശയം പല ശിവസേന എംഎൽഎമാരും ഇതിനോടകം രഹസ്യമായി പങ്കുവയ്ക്കുന്നുണ്ട്.
കളം മനസിലാക്കിയ ബിജെപി പക്ഷേ അടവുനയം മാറ്റുകയാണ് ഇപ്പോൾ. ശിവസേനയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ബിജെപി സജീവമാക്കിയിട്ടുണ്ട്. ഉത്തരത്തിൽ ഇരിക്കുന്നത് കിട്ടിയുമില്ല, കക്ഷത്തിൽ ഇരിക്കുന്നത് പോകുകയും ചെയ്യുന്നു എന്ന മട്ടിൽ നിൽക്കുന്ന ശിവസേന ബിജെപിയുടെ ചൂണ്ടയിൽ കൊത്താനുള്ള സാധ്യത ഏറി വരികയാണ്. കേന്ദ്രമന്ത്രി രാംദാസ് അത്തവാലേയാണ് ബിജെപി-ശിവസേന ചർച്ചകൾക്കു പിന്നിൽ.
ശിവസേനയ്ക്ക് രണ്ടു വർഷം മുഖ്യമന്ത്രി പദം നൽകാൻ ബിജെപിക്ക് ഇപ്പോൾ സമ്മതമാണെന്ന് രാംദാസ് അത്തവാലേ പറയുന്നു. മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നും തങ്ങൾക്കിടയിലെ അഭിപ്രായ ഭിന്നതകൾ ഉടൻ പരിഹരിക്കുമെന്നും അത്തവാലേ പ്രതീക്ഷ പ്രകടിപ്പിച്ചു.
അതേസമയം, ശിവസേനയുമായി കൂട്ടുകൂടുന്നതിനെ കോണ്‍ഗ്രസിലെ പല ദേശീയ നേതാക്കളും ഇപ്പോഴും എതിർക്കുകയാണ്. യുപിഎയിലെ ജെഡിഎസ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ശിവസേന സഖ്യത്തെ എതിർക്കുകയും ചെയ്യുന്നു. തീവ്ര ഹിന്ദുത്വ നിലപാടുകളുള്ള ശിവസേനയുമായി കൂട്ടുകൂടുന്നതിനേക്കാൾ ഭേദം മൃദു ഹിന്ദുത്വ നിലപാടുകളുള്ള ബിജെപിയുമായി ചേരുന്നതാണ് നല്ലതെന്നാണ് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി പ്രതികരിച്ചത്.