കര്‍ഷകനായതിനാല്‍ തനിക്ക് പ്രണയം നിഷേധിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രിയോടു പരാതിപ്പെട്ട് കര്ഷകന്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കാണ് വിചിത്രമായ പരാതി ലഭിച്ചിരിക്കുന്നത്.
ഹിംഗോളിയില്‍ നിന്നുള്ള കര്‍ഷകനാണ് ‘സ്നേഹം’ എന്ന പേരിലുള്ള കത്ത് അയച്ചിരിക്കുന്നത്.
ഒരുപാട് പണമോ ഭൂമിയോ സ്വത്തോ ഇല്ലാത്ത ഒരു പാവപ്പെട്ട കര്‍ഷകനാണ് താനെന്ന് സ്വയം അഭിസംബോധന ചെയ്തുകൊണ്ടാണ് കര്‍ഷകന്റെ കത്ത് തുടങ്ങുന്നത്.
തന്റെ സത്യസന്ധമായ പ്രണയം കര്‍ഷകനായതിന്റെ പേരില്‍ നിഷേധിക്കപ്പെട്ടന്നാണ് പരാതി.
ഉദ്ധവ് താക്കറെയുടെ പ്രണയത്തെക്കുറിച്ചും അദ്ദേഹം ചോദിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രി മനസിലാക്കാനാണ് ഇങ്ങനെയൊരു കത്തെഴുതുന്നതെന്നാണ് കര്ഷകന് വ്യക്തമാക്കുന്നത്.
കര്‍ഷകനായതിന്റെ പേരില്‍ മാത്രം പ്രണയത്തില്‍ താന്‍ അവഗണിക്കപ്പെടുന്നതിനെപ്പറ്റിയും സമ്പത്തിന് പ്രണയബന്ധത്തെക്കാള്‍ പ്രാധാന്യം ലഭിക്കുന്നെന്നെല്ലാം കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
പ്രണയിച്ചിട്ടും ഒരുമിക്കാന്‍ സാധിക്കാതിരുന്ന പഞ്ചാബിലെ ദുരന്ത പ്രണയകഥയിലെ നായികാ-നായകന്മാരായ ഹീര്‍-രാഞ്ജയുടെ ഉദാഹരണവും കത്തില്‍ പറയുന്നുണ്ട്.
എത്രയും പെട്ടെന്ന് ഉദ്ധവ്ജിയില് നിന്ന് മറുപടി കിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുമെന്ന് പറഞ്ഞാണ് കത്ത് നിര്‍ത്തുന്നത്. എന്തായാലും ഉദ്ധവ് എന്തു മറുപടി കൊടുക്കുമെന്ന് കണ്ടറിയണം.