നിന്റെ അച്ഛന്‍ ജീവിച്ചിരിക്കണമെങ്കില്‍ ഈ കുപ്പി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നില്‍ക്കണം! കുപ്പി താഴ്ത്തിയാല്‍ ആള് പോക്കാണ്; രോഗിയുടെ ഏഴു വയസുകാരിയായ മകളോട് ഡോക്ടര്‍ ചെയ്ത ക്രൂരത കരളലിയിക്കുന്നത്

ആശുപത്രി ജീവനക്കാരുടെ ക്രൂരത പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ളതാണ്. സമാനമായ രീതിയില്‍ ആശുപത്രിയില്‍ ഒരു ഡോക്ടര്‍ രോഗിയുടെ മകളോട് ചെയ്ത ക്രൂരതയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. പിതാവിന്റെ ജീവന്‍ രക്ഷിക്കാനായി ഈ കുട്ടി രണ്ടു മണിക്കൂര്‍ നേരം അനങ്ങാതെ ഗ്ലൂക്കോസ് കുപ്പി ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഒരേ നില്‍പ്പു നിന്നു.

‘നിന്റെ അച്ഛന്‍ ജീവിച്ചിരിക്കണമെങ്കില്‍ ഈ കുപ്പി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നില്‍ക്കണം. ഇവിടെ ഡ്രിപ്പ് സ്റ്റാന്റ് ഇല്ല. കുപ്പി താഴ്ത്തിയാല്‍ ആളു പോക്കാണ്’. എന്ന് ഒരു മകളോട് ഡോക്ടര്‍ പറഞ്ഞാല്‍ ആ കുഞ്ഞ് അതനുസരിക്കാതിരിക്കുമോ. ഡോകടര്‍ പറഞ്ഞത് 7 വയസ്സുള്ള അവള്‍ അക്ഷരം പ്രതി അനുസരിച്ചു. രണ്ടു മണിക്കൂര്‍ ഒരേ നില്‍പ്പ്. കൈകാലുകള്‍ കഴച്ചിട്ടും അവളുടെ അച്ഛനെ രക്ഷിക്കണമെന്ന ചിന്തമാത്രമായിരുന്നു മനസ്സില്‍.

മാഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള 1200 കിടക്ക കളാല്‍ സജ്ജമായ സര്‍ക്കാര്‍ ആശുപത്രിയില്‍് നടന്നതാണ് ഈ സംഭവം. ഇക്കഴിഞ്ഞ 7 /05/18 നു ഓപ്പറേഷന്‍ കഴിഞ്ഞശേഷം എകനാഥ് ഗാവലി യെ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് ഡ്രിപ്പ് സ്റ്റാന്റ് ഇല്ലെന്ന കാരണം പറഞ്ഞ് ഡോക്ടര്‍ 7 വയസ്സുകാരിയായ ഗാവുലിയുടെ മകളെ ഈ വിധം പീഡിപ്പിച്ചത്.

മാറാട്ടവാഡയിലെ 8 ജില്ലകളില്‍ നിന്നുള്ള ആയിരക്കണക്കിനു രോഗികള്‍ വരുന്ന ഈ ആശുപത്രിയില്‍ യാതൊരുവിധ അടിസ്ഥാനസൗകര്യങ്ങളും ഇല്ലെന്നാണ് ഗ്ലോബല്‍ മെഡിക്കല്‍ ഫൌണ്ടേഷന്‍ പ്രതിനിധി മസിയുദ്ദീന്‍ സിദ്ദിക്കി പറയുന്നത്.

ചിത്രം വൈറലായതിനെത്തുടര്‍ന്നു ആശുപത്രി അധികൃതര്‍ പതിവുപോലെ വിശദീകരണക്കുറിപ്പിറക്കി. ഓപ്പറേഷന്‍ കഴിഞ്ഞു വാര്‍ഡില്‍ വന്നപ്പോള്‍ കുട്ടിയുടെ കയ്യില്‍ ഗ്ലൂക്കോസ് കുപ്പി കൊടുത്തത് ആരോ ചിത്രമെടുത്തു സോഷ്യല്‍ മീഡിയയില്‍ ഇടുകയായിരുന്നു എന്നാണ് അവരുടെ വാദം.

 

Related posts