മുംബൈ/റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ മഹാരാഷ്ട്രയില്‍ എന്‍ഡിഎ (മഹായുതി) സഖ്യവും ജാർഖണ്ഡിൽ ഇന്ത്യാസഖ്യവും വീണ്ടും അധികാരത്തിലെത്തുമെന്നു സൂചനകൾ. മഹാരാഷ്ട്രയിൽ ആകെയുള്ള 288 സീറ്റിൽ 214 സീറ്റുകളിലും ഭരണകക്ഷിയായ മഹായുതി സഖ്യത്തിനാണു ലീഡ്.
54 സീറ്റുകളിൽ മാത്രമാണ് ഇന്ത്യാ സഖ്യം മുന്നിട്ടുനിൽക്കുന്നത്. മറ്റുള്ളവർ 20 സീറ്റിൽ മുന്നിൽ നിൽക്കുന്നു. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി. നൂറോളം സീറ്റുകളിലാണ് ബിജെപി തനിച്ചു ലീഡ് ചെയ്യുന്നത്. 81 മണ്ഡലങ്ങളുള്ള ജാര്‍ഖണ്ഡില്‍ ഭരണത്തിലുള്ള ഇന്ത്യാ സഖ്യം 47 സീറ്റിൽ ലീഡ് നേടി മുന്നേറുന്നു. 30 സീറ്റുകളിൽ മാത്രമാണ് എൻഡിഎ മുന്നിട്ടുനിൽക്കുന്നത്. നാലു സീറ്റുകളിൽ മറ്റുള്ളവരുമുണ്ട്.
മഹാരാഷ്ട്രയിൽ 145ഉം ജാർഖണ്ഡിൽ 41 സീറ്റുമാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കനത്ത പോരാട്ടമാണു രണ്ടു സംസ്ഥാനത്തും നടന്നത്. രണ്ടിടത്തും ബിജെപി സഖ്യത്തിനാണു മുൻതൂക്കമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം. മഹാരാഷ്ട്രയിൽ പ്രമുഖ നേതാക്കളെല്ലാം ലീഡ് നേടിയിട്ടുണ്ട്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവർ മുന്നിലാണ്.
ബാരാമതിയിൽ അജിത് പവാറിനെതിരേ മത്സരിക്കുന്ന ശരദ് പവാർ വിഭാഗത്തിന്റെ സ്ഥാനാർഥി യുഗേന്ദ്ര പവാർ വളരെ പിന്നിലാണ്. പവാർ കുടുംബത്തിന്റെ ശക്തികേന്ദ്രമാണ് ബാരാമതി. മഹാരാഷ്ട്രയിൽ പ്രധാന നേതാക്കൾക്കെല്ലാം ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്.
മഹാരാഷ്ട്രയുടെ നിർണായകമേഖലയായ വിദർഭയിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യം ശക്തമായി മുന്നേറുകയാണ്. കർഷകരുടെ വലിയൊരു വിഭാഗം താമസിക്കുന്ന വിദർഭ മേഖലയിലെ 62 നിയമസഭാ സീറ്റുകളിൽ 40ലധികം സീറ്റുകളിലും ബിജെപി സഖ്യം മുന്നിലാണ്.
ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോലെ തുടങ്ങിയ പ്രമുഖ ബിജെപി നേതാക്കളുടെ നാടാണ് വിദർഭ. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിൽ കുതിരക്കച്ചവടത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് എല്ലാ പാർട്ടികളും ജാഗ്രതയിലായിരുന്നു.
ബിജെപി മുന്നണിയായ മഹായുതി ഹെലികോപ്റ്ററുകൾ വരെ സജ്ജമാക്കി. ജയിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാൻ ഹോട്ടലുകളും മറ്റും ഇരുമുന്നണികളും ബുക്ക് ചെയ്തിരുന്നു. ബിജെപി, ശിവസേനാ (ഷിൻഡെ), എൻസിപി (അജിത്) വിഭാഗങ്ങൾ ഉൾപ്പെടുന്ന മഹായുതിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചാൽ കുതിരക്കച്ചവടത്തിനുള്ള സാധ്യതകൾ കുറവാണ്.
മഹായുതിക്ക് ഭരണം ലഭിച്ചാൽ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകാനാണു സാധ്യത. നിലവിലെ മുഖ്യമന്ത്രിയും ശിവസേനാ ഷിൻഡെ വിഭാഗം നേതാവുമായ ഏക്നാഥ് ഷിൻഡെ വഴങ്ങിയില്ലെങ്കിൽ സ്ഥിതി മാറും.