മുംബൈ: മഹാരാഷ്ട്രയിൽ ഭരണമുന്നണിയായ എൻഡിഎയിൽ പോര്. ബിജെപിയും ഷിൻഡേ വിഭാഗം ശിവസേനയും തമ്മിലുള്ള പോര് ദിവസം കഴിയുന്തോറും മൂർച്ഛിക്കുകയാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള പോരിനു കാരണമെന്നാണ് റിപ്പോർട്ട്.
തിങ്കളാഴ്ച 20 ഷിൻഡെ വിഭാഗം എംഎൽഎമാരുടെ വൈ പ്ലസ് സുരക്ഷ മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പ് പിൻവലിച്ചത് പോര് കൂടുതൽ കടുക്കുകയാണെന്ന സൂചനകളാണു തരുന്നത്. ചില ബിജെപി എംഎൽഎമാരുടെയും അജിത് പവാറിന്റെ എൻസിപി എംഎൽഎമാരിൽ ചിലരുടെയും വൈ പ്ലസ് സുരക്ഷ ഇത്തരത്തിൽ പിൻവലിച്ചെങ്കിലും ശിവസേന എംഎൽഎമാരെ ലക്ഷ്യമിട്ടാണു നടപടിയെന്ന സംശയം ശക്തമാണ്.
ഒരേ മുന്നണിയിലാണെങ്കിലും ബിജെപിയും ഷിൻഡെ വിഭാഗം ശിവസേനയും തമ്മിൽ കടുത്ത ഭിന്നതയാണ് ഓരോ വിഷയങ്ങളിലുമുള്ളത്. മന്ത്രിസഭായോഗങ്ങളിൽ കൂട്ടായ്മയില്ല. മഹായുതിയിലുള്ള ഭിന്നത ഉയർത്തിക്കാട്ടാനുള്ള നീക്കങ്ങൾ മഹാവികാസ് അഘാടി തുടങ്ങിയിട്ടുണ്ട്.