മുംബൈ: മഹാരാഷ്ട്രയിൽ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
വൈകിട്ട് 5.30ന് മുംബൈയിലെ ആസാദ് മൈതാനിയിലാണ് ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. ശിവസേനയിലെ ഏക്നാഥ് ഷിൻഡെ, എൻസിപിയിലെ അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിനു തുടർ ഭരണം ലഭിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് അധികാരമേൽക്കുന്നത് അനിശ്ചിതമായി വൈകുകയായിരുന്നു.
ദിവസങ്ങൾ നീണ്ട സസ്പെൻസിനുശേഷമാണു ഫഡ്നാവിസ് മുഖ്യമന്ത്രിക്കസേരയിൽ എത്തുന്നത്. മുഖ്യമന്ത്രി പദം വേണ്ടെന്നു വച്ച ഷിൻഡെ പക്ഷം ആഭ്യന്തരം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അജിത് പക്ഷത്തിന് അധികം ഡിമാൻഡുകളില്ല.