നിയാസ് മുസ്തഫ
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ, മഹാരാഷ്ട്രയിൽ കോൺഗ്രസ് ഒരു മുഴം മുന്പേ നീട്ടി എറിഞ്ഞു. ശരത് പവാർ നയിക്കുന്ന എൻസിപിയുമായി കോൺഗ്രസ് വീണ്ടും സഖ്യത്തിലായിരിക്കുന്നു. ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റി നിർത്തുക- ഇതാണ് എൻസിപിയേയും കോൺഗ്രസിനെയും ഒന്നിപ്പിച്ചത്.
ഇതോടൊപ്പം ചെറുകിട കക്ഷികളെ കൂടെ നിർത്താനുള്ള ശ്രമവും അവർ തുടങ്ങിക്കഴിഞ്ഞു. ഏറ്റവും ഒടുവിൽ യുണൈറ്റഡ് റിപ്പബ്ലിക്കൻ പാർട്ടി ഈ സഖ്യത്തിന്റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്. ആകെയുള്ള 48 സീറ്റിൽ 40 സീറ്റ് കോൺഗ്രസും എൻസിപിയും പങ്കിട്ടെടുക്കും. ബാക്കിയുള്ള എട്ടു സീറ്റുകൾ സഖ്യത്തിൽ ചേരുന്ന ചെറു കക്ഷികൾക്കായി മാറ്റി വച്ചിരിക്കുകയാണ്.
ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്സഭ എംപിമാരെ സൃഷ്ടിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. അതുകൊണ്ടുതന്നെ പരമാവധി സീറ്റുകൾ മഹാരാഷ്്ട്രയിൽ നേടുക എന്നതാണ് കോൺഗ്രസ്-എൻസിപി സഖ്യത്തിന്റെ ലക്ഷ്യം. അതേസമയം, സഖ്യത്തോട് ശിവസേന പുറംതിരിഞ്ഞു നിൽക്കുന്നത് ബിജെപിയെ വെട്ടിലാക്കിയിട്ടുണ്ട്.
ശിവസേനയും ബിജെപിയും തമ്മിൽ അത്ര രസത്തിലല്ല ഇപ്പോൾ. ബിജെപിയുമായി ഇനി സഹകരിക്കേണ്ടതില്ലായെന്ന നിലപാട് ശിവസേന മുന്പ് പ്രഖ്യാപിച്ചിട്ടുമുണ്ട്. നരേന്ദ്രമോദിയുടെ ഏറ്റവും വലിയ വിമർശകനായി ശിവസേന തലവൻ ഉദ്ധവ് താക്കറെ മാറിയിട്ടുണ്ട്. രാമക്ഷേത്ര നിർമാണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മോദിയെ പരസ്യമായി ശിവസേന വിമർശിച്ചിരുന്നു.
മുപ്പതു മിനിട്ടു കൊണ്ട് നോട്ട് നിരോധിക്കാൻ തീരുമാനിച്ച സർക്കാർ ക്ഷേത്രം നിർമിക്കാൻ നിയമനിർമാണത്തിന് വൈകുന്നത് എന്തുകൊണ്ടെന്ന് ഉദ്ധവ് താക്കറെ അടുത്തിടെ ചോദിച്ചിരുന്നു. ആദ്യം രാമക്ഷേത്രം, പിന്നെ മതി സർക്കാർ എന്നതാണ് ശിവസേനയുടെ ഇപ്പോഴത്തെ ലൈൻ. രാമക്ഷേത്രം നിർമിക്കുന്നതിന് വാജ്പേയ് സർക്കാരിന് സഖ്യകക്ഷികളുടെ സമ്മർദമുണ്ടായിരുന്നു. എന്നാൽ മോദി സർക്കാരിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ക്ഷേത്രം നിർമിക്കാൻ നിയമനിർമാണം നടത്താൻ വൈകുന്നതിനെ ശക്തമായ ഭാഷയിലാണ് ശിവസേന വിമർശിച്ചത്.
റഫാൽ ഇടപാടും കർഷകരുടെ പ്രശ്നങ്ങളും വിശദീകരിച്ച റാലിയിൽ കാവൽക്കാരൻ കള്ളനാണ് എന്ന രാഹുൽഗാന്ധിയുടെ വാചകം കടമെടുത്ത് ഉദ്ധവ് നരേന്ദ്രമോദിയെ വിമർശിച്ചിരുന്നു. ഇന്ത്യയെ നയിക്കാൻ മറാത്തി പ്രധാനമന്ത്രി വരുമെന്നും തന്റെ പിതാവ് ബാൽ താക്കറെയുടെ ആശയങ്ങൾ നടപ്പാക്കുന്ന ആളാകുമതെന്നും അടുത്തിടെ ഉദ്ധവ് പറഞ്ഞിരുന്നു. പ്രധാനമന്ത്രിയെ കുംഭകർണൻ എന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.
രാജസ്ഥാൻ, ഹരിയാന, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഭരണത്തിലെത്തിയപ്പോൾ കോൺഗ്രസിനെ പ്രശംസിക്കാനും ഉദ്ധവ് സമയം കണ്ടെത്തി.ശിവസേനയ്ക്ക് മുന്നറിയിപ്പുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും രംഗത്തുവന്നിട്ടുണ്ട്. മഹാരാഷ്ട്രയിൽ 48 സീറ്റുകളിൽ ഒറ്റയ്ക്കു മത്സരിക്കാൻ ബിജെപി തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞു.
സഖ്യകക്ഷി തങ്ങൾക്ക് ഒപ്പം ചേർന്നാൽ സന്തോഷം. അവരെ സ്വീകരിക്കും. അവർക്ക് സഖ്യത്തിൽ എത്താൻ താത്പര്യമില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ബിജെപി സജ്ജമാണെന്നും അമിത് ഷാ പറഞ്ഞു. എന്നാൽ, ശിവസേനയെ അനുനയിപ്പിക്കാൻ അവസാനവട്ട പരിശ്രമത്തിലാണ് ബിജെപി ഇപ്പോൾ. ശിവസേനയെ കൂടെ നിർത്തിയാൽ മഹാരാഷ്ട്രയിൽ വലിയ വിജയം നേടാനാവുമെന്നാണ് ബിജെപി നടത്തിയ ആഭ്യന്തര സർവേയിൽ പറയുന്നത്.