നിയാസ് മുസ്തഫ
മഹാരാഷ്ട്രയിൽ ത്രികക്ഷി സർക്കാർ രൂപീകരിക്കുന്നതു സംബന്ധിച്ചുള്ള നീക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. ശരത് പവാർ-സോണിയ ഗാന്ധി കൂടിക്കാഴ്ച ഇന്ന് ന്യൂഡൽഹിയിൽ നടക്കും. ഈ കൂടിക്കാഴ്ചയിൽ സഖ്യം മുന്നോട്ടുവയ്ക്കുന്ന പൊതുമിനിമം പരിപാടിയിൽ അന്തിമ ധാരണയുണ്ടാവും. ഉദ്ധവ് താക്കറേ-സോണിയ ഗാന്ധി കൂടിക്കാഴ്ചയും ഉടനുണ്ടാവുമെന്നാണ് പ്രതീക്ഷ. ഇവരുടെ കൂടിക്കാഴ്ച ഇന്നുണ്ടാവുമോയെന്ന് വ്യക്തമല്ല.
കർണാടകയിലെ സഖ്യസർക്കാർ പാളിയതുപോലെ മഹാരാഷ്ട്രയിൽ സംഭവിക്കരുതെന്ന ആഗ്രഹമുള്ളതിനാലാണ് പൊതുമിനിമം പരിപാടി സംബന്ധിച്ച് കാന്പുള്ള ചർച്ചകൾ ത്രികക്ഷികൾക്ക് ഇടയിൽ നടക്കുന്നത്. സർക്കാർ രൂപീകരണത്തിനു മുന്‍പേ തന്നെ വ്യക്തമായ രൂപവും നയങ്ങളും ഉണ്ടായില്ലായെങ്കിൽ സർക്കാരിന്റെ മുന്നോട്ടുള്ള പ്രവർത്തനം അത്ര സുഗമമാവില്ല. അല്പം വൈകിയാലും എല്ലാ കാര്യത്തിലും നല്ലൊരു ധാരണ വരണമെന്നതാണ് ശിവസേനയുടെയും ആഗ്രഹം.
അതേസമയം, ത്രികക്ഷി സർക്കാരുമായി ശിവസേന മുന്നോട്ടുപോകുന്നത് ബിജെപിയെ ആശങ്കയിലാക്കിയിട്ടുണ്ട്. ശിവസേന- എൻസിപി-കോൺഗ്രസ് സർക്കാർ യാഥാർഥ്യമാകില്ലായെന്നു തന്നെയായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. ശിവസേനയുമായി പൊരുത്തപ്പെടാനാകാത്ത ആശയങ്ങളിൽ പ്രവർത്തിക്കുന്നവരാ ണ് എൻസിപിയും കോൺഗ്രസും എന്നതിനാലാണ് ബിജെപി ഇത്തരമൊരു കണക്കുകൂട്ടലിലെത്തിയത്.
പക്ഷേ തീവ്ര ഹിന്ദുത്വ നിലപാടിൽ ഉൾപ്പെടെ അയവു വരുത്തി എന്‍സിപിയും കോൺഗ്രസുമായി ധാരണയിലെത്താൻ ശിവസേന മുന്നോട്ടുപോകുമെന്ന് ബിജെപിയും പ്രതീക്ഷിച്ചില്ല. എന്‍സിപിയും കോൺഗ്രസുമായി ധാരണയിലെത്താതെ പത്തിമടക്കി ശിവസേന തിരികെ ബിജെപി പാളയത്തിലെത്തുമെന്നു തന്നെയായിരുന്നു അടുത്ത ദിവസം വരെ ബിജെപിയുടെ പ്രതീക്ഷ.
എന്നാൽ ഇന്നലെ ന്യൂഡൽഹിയിൽ നടന്ന എൻഡിഎ യോഗത്തിൽനിന്ന് കൂടി ശിവസേന വിട്ടുനിന്നതോടെ ശിവസേന പൂർണമായും ബിജെപിയുമായി അകന്നുവെന്ന് നേതൃത്വത്തിന് ഉറപ്പായി. ഇതോടെ ശിവസേന എംപിമാരെ പാർലമെന്റിൽ പ്രതിപക്ഷ നിരയിലേക്ക് മാറ്റുകയാണ് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ശിവസേനയ്ക്ക് മൂന്ന് എംപിമാരും ലോക്സഭയിൽ 18 എംപിമാരുമുണ്ട്. ഇവർക്ക് പ്രതിപക്ഷ സീറ്റിലായിരിക്കും ഇനിമുതൽ ഇരിപ്പിടം.
നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിച്ച ബിജെപിയും ശിവസേനയും തെരഞ്ഞെടുപ്പിനുശേഷം രണ്ടു തട്ടിലായതിന്റെ ശൂന്യത ഇന്നലെ ന്യൂഡൽഹിയിൽ നടന്ന എൻഡിഎ യോഗത്തിൽ പ്രകടമായിരുന്നു. ഇതോടെ കൂടെയുള്ള ഘടകകക്ഷികൾക്ക് ആത്മവിശ്വാസം പകരുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെറിയ ഭിന്നതകൾ മറന്ന് ഒരുമിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകത യോഗത്തിൽ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞിരുന്നു.
അതേസമയം, മഹാരാഷ്ട്രയിൽ ശക്തമായ പ്രതിപക്ഷമായി നിൽക്കാനാണ് ബിജെപിയുടെ തീരുമാനം. ഭാവിയിൽ ശിവസേന ബിജെപിയോടൊപ്പം വരുമെന്നു തന്നെയുള്ള പ്രതീക്ഷയാണ് ബിജെപിക്ക് ഇപ്പോഴുമുള്ളത്. അതുകൊണ്ടാണ് ത്രികക്ഷി സർക്കാർ ആറുമാസം പോലും ഭരിക്കില്ലായെന്ന് ബിജെപി നേതൃത്വം പറയുന്നത്.