ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തതിനെ ചോദ്യം ചെയ്ത് കോൺഗ്രസ്, ശിവസേന, എൻസിപി പാർട്ടികൾ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം പൂർത്തിയായി. വിധി പ്രഖ്യാപിക്കുന്നതിന് കോടതി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി. ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
വിശ്വാസവോട്ടെടുപ്പ് അടിയന്തരമായി നടത്താൻ ഉത്തരവിടണമെന്ന ശിവസേന- എൻസിപി- കോൺഗ്രസ് സഖ്യത്തിന്റെ ആവശ്യവും കോടതിയുടെ പരിഗണനയിലാണ്. ചൊവ്വാഴ്ച പത്തരയ്ക്ക് വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച് ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദേവേന്ദ്ര ഫഡ്നാവിസിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചുകൊണ്ട് ഗവർണർ നൽകിയ ഔദ്യോഗിക കത്ത് ഹാജരാക്കാൻ സുപ്രീം കോടതി ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു. ഈ കത്ത് കേന്ദ്ര സര്‍ക്കാരിനും ഗവര്‍ണറുടെ സെക്രട്ടറിക്കും വേണ്ടി ഹാജരായ തുഷാര്‍ മേത്ത സുപ്രീംകോടതിയിൽ ഹാജരാക്കി.
മൂന്നംഗ ബെഞ്ച് കേസ് പരിഗണിച്ചപ്പോൾ തന്നെ ഗവര്‍ണറുടെ കത്ത് കൈയിലുണ്ടെന്നും, തെരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയിലുണ്ടായ സംഭവങ്ങൾ വിശദീകരിക്കാൻ സമയം വേണമെന്ന് തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.
54 പേരുടെ പിന്തുണ അവകാശപ്പെട്ട് അജിത് പവാര്‍ നൽകിയ കത്ത് തുഷാര്‍ മേത്ത സുപ്രീംകോടതിയിൽ വായിച്ചു. എൻസിപിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിട്ടുണ്ടും കത്തിലുണ്ട്.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടെന്നും രേഖകൾ വ്യാജമല്ലെന്നും ദേവേന്ദ്ര ഫഡ്നാവിസിന് വേണ്ടി ഹാജരായ മുകുൾ റോഹ്തഗി വാദിച്ചു. പവാര്‍ കുടുംബത്തിലെ തര്‍ക്കങ്ങളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് റോഹ്തഗി കൂട്ടിച്ചേർത്തു.
അജിത് പവാർ നൽകിയ കത്തിന് വിലയില്ലെന്ന് ശിവസേനയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. 154 പേർ ഒപ്പിട്ട് സത്യവാങ്മൂലം കപിൽ സിബൽ കോടതിയിൽ നൽകി. രാജ്ഭവനിലല്ല സഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടതെന്ന് ജസ്റ്റീസ് ഖന്നയും കോടതിയിൽ വാദിച്ചു.