ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിൽ ട്രാക്ടർ കിണറ്റിലേക്കു വീണ് ഏഴ് വനിതാ കർഷകത്തൊഴിലാളികൾ മരിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്തി. നന്ദേഡ് ജില്ലയിലെ ലിംബ്ഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അസെഗാവ് ഗ്രാമത്തിലാണ് അപകടം.
മഞ്ഞൾ വിളവെടുക്കാൻ തൊഴിലാളികളുമായി കൃഷിയിടത്തിലേക്കു പോകുകയായിരുന്ന ട്രാക്ടർ റോഡിൽനിന്നു തെന്നിമാറി വെള്ളംനിറഞ്ഞ കിണറ്റിലേക്കു വീഴുകയായിരുന്നു.
അപകടത്തിൽപ്പെട്ടവർ ഹിംഗോളി ജില്ലയിലെ വാസ്മത് തഹ്സിലിനു കീഴിലുള്ള ഗുഞ്ച് ഗ്രാമവാസികളാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മഹാരാഷ്ട്ര സർക്കാർ അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.