മുംബൈ: മഹാരാഷ്ട്രയിൽ ഇന്നലെ കോവിഡ് ബാധിച്ച് 65 പേർ മരിച്ചു. സംസ്ഥാനത്തെ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണനിരക്കാണിത്. മഹാരാഷ്ട്രയിൽ ആകെ മരണം 1,390 ആയി. ഇന്നലെ 2,250 പേർക്കാണു രോഗം സ്ഥിരീകരിച്ചത്.
ആകെ രോഗികൾ 39,297. ഇന്ത്യയിൽ ഏറ്റവും അധികം രോഗികളുള്ള മഹാരാഷ്ട്രയിൽ തുടർച്ചയായ നാലാം ദിവസവും രണ്ടായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ഇന്നലെ മുംബൈയിൽ മാത്രം 41 പേർ മരിച്ചു.
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ ഇന്നലെ 743 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ രോഗികൾ 13,191 ആയി. ഇന്നലെ മൂന്നു പേർ മരിച്ചു. ആകെ മരണം 87. ഇന്നലെ 987 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.
ഏഴു ദിവസത്തിനുശേഷമാണു തമിഴ്നാട്ടിൽ എഴുന്നൂറിലധികം രോഗികളുണ്ടാകുന്നത്. ഇന്നലെ രോഗം ബാധിച്ചവരിൽ 83 പേർ മഹാരാഷ്ട്രയിൽനിന്നെത്തിയവരാണ്. മേയ് മൂന്നിനു തമിഴ്നാട്ടിൽ 3,023 രോഗികളാണുണ്ടായിരുന്നത്. 17 ദിവസംകൊണ്ട് 10,000 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു.
ഗുജറാത്തിൽ ഇന്നലെ 30 പേർ മരിച്ചു. ആകെ മരണം 749 ആയി. ഇന്നലെ 398 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെരോഗികൾ 12,539 ആയി. ഇന്നലെ അഹമ്മദാബാദിൽ മാത്രം 26 പേരാണു മരിച്ചത്. ആകെ മരണം 602. ആകെ രോഗികൾ 9216.
കോവിഡ് ബാധിതർ മുങ്ങുന്നത് മുംബൈയിൽ ആശങ്ക ഇരട്ടിപ്പിക്കുന്നു
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനിടെ രോഗം സ്ഥിരീകരിച്ചവരെ കാണാതാകുന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു. ഇത്തരക്കാരെ കണ്ടെത്താനുള്ള ആരോഗ്യപ്രവർത്തകരുടെ ശ്രമങ്ങൾ വിജയിക്കുന്നതുമില്ല.
രോഗലക്ഷണങ്ങളോടെ സ്വകാര്യലാബുകളിൽ പരിശോധനയ്ക്ക് എത്തുന്ന പലരേയും കണ്ടെത്താനാകുന്നില്ലെന്നു മുംബൈ മുനിസിപ്പൽ കോർപറേഷൻ വൃത്തങ്ങൾ സൂചിപ്പിച്ചു.
പരിശോധനയ്ക്ക് എത്തുന്നവരിൽ ചിലർ കൃത്യമായ പേരോ വിലാസമോ ഫോൺ നന്പറോ നൽകാറില്ല. രോഗികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ ചിലപ്പോൾ സ്വകാര്യലാബുകാർ അനാസ്ഥ കാണിക്കാറുണ്ടെന്നും അവർ പറഞ്ഞു.
രോഗികളുടെ എണ്ണം ഉയരുന്നതിനാൽ അവരെ പരിചരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം ഇപ്പോൾത്തന്നെ ആരോഗ്യപ്രവർത്തകർക്കുണ്ട്. ഇതോടൊപ്പമാണ് രോഗികൾ മുങ്ങുന്നുവെന്ന വാർത്തയും.
മാർച്ച് 11 നാണ് സംസ്ഥാനത്ത് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. ഇപ്പോൾ രോഗികളുടെ എണ്ണം നാൽപതിനായിരത്തിലേക്കു നീങ്ങിക്കഴിഞ്ഞു.