ന്യൂഡൽഹി: രോഗവ്യാപനവും മരണനിരക്കും ദിവസേന ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് കോവിഡ് ആശങ്കയേറി.
ഇന്നലെ പുറത്തുവന്ന കണക്കുകൾ അനുസരിച്ച് 24 മണിക്കൂറിൽ 68,020 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 291 മരണവും രേഖപ്പെടുത്തി.
പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 84 ശതമാനവും മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്നാട്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ്.
മഹാരാഷ്ട്രയിൽ മാത്രം 40,414 പുതിയ കേസുകൾ ഉണ്ടായി. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 5,21,808 ആണ്.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പോളിംഗ് കഴിയുന്നതോടെ രോഗബാധ വർധിക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
എങ്കിൽപ്പോലും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പലയിടത്തും റാലികളും മറ്റു പ്രചാരണങ്ങളും നടക്കുന്നത്.
രണ്ടാം തരംഗത്തിൽ പത്തുദിവസങ്ങൾകൊണ്ടാണ് ദിവസേനയുള്ള രോഗികളുടെ എണ്ണം മുപ്പതിനായിരത്തിൽനിന്ന് ഇരട്ടിയായത്. രോഗവ്യാപനത്തിന്റെ ഈ നിരക്കാണ് ആശങ്കയ്ക്കു കാരണമാകുന്നത്.
മഹാരാഷ്ട്രയിൽ ആശുപത്രികളിൽ ഒഴിവില്ല
മുംബൈ: മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിൽ കിടക്കകൾക്കു ക്ഷാമം. കിടക്കകൾ കിട്ടാനില്ലെന്ന ആശങ്ക ഉയർന്നതോടെ ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവർപോലും ആശുപത്രികളിലേക്ക് എത്തുന്നത് അധികൃതർക്കു തലവേദനയായി.
മുളുണ്ട്, ഭാണ്ഡൂപ്, ഘാട്കോപർ, ബാന്ദ്ര, കാഞ്ജൂർമാർഗ്, ബോറിവിലി മേഖലകളിലാണ് രോഗികൾ ഏറെയും. കോവിഡ് പോസിറ്റീവ് ആയവർ പതിവായി അഡ്മിഷനുവേണ്ടി സ്വകാര്യ ആശുപത്രികളിൽ വിളിച്ചുകൊണ്ടിരിക്കുകയാണ്.
രാവിലെ മുതൽ വൈകുന്നേരം വരെ ശ്രമിച്ചിട്ടാണ് ഒരാശുപത്രിയിൽ അഡ്മിഷൻ ലഭിച്ചതെന്ന് മലയാളിയായ വീട്ടമ്മ പറഞ്ഞു.
ശ്വാസം മുട്ടലും ഛർദ്ദിയും മൂലം അവശനിലയിലിൽ ആയിട്ടും ആശുപത്രിയിൽ പ്രവേശനം ലഭിക്കാതെ ആശങ്കയിലായിരുന്നു അവർ. ചില ആശുപത്രികൾ ഒരു ലക്ഷം രൂപ മുൻകൂർ കെട്ടിവയ്ക്കാൻ ആവശ്യപ്പെട്ടതായും അവർ പറഞ്ഞു.