മഹാരാഷ്ട്രയിലെ നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ മൂന്ന് ദിവസത്തിൽ മരിച്ചത് 31പേർ. ഇതിൽ 16 കുട്ടികളും ഉൾപ്പെടുന്നു. ഈ മരിച്ചവരുടെ കുടുംബങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരെ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും ചെയ്തെങ്കിലും അവയെല്ലാം പരാജയപ്പെട്ടു. ചിലർ നൂറുകണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ചികിത്സ തേടി എത്തിത്. ചികിത്സാ ചെലവുകൾക്കായി ആഭരണങ്ങൾ വരെ പണയം വച്ചവരുണ്ട്.
നന്ദേഡ് ജില്ലയിൽ നിന്നുള്ള ഇരുപത്തിയൊന്നുകാരിയായ അഞ്ജലിയെ ശനിയാഴ്ച ഡോ.ശങ്കർറാവു ചവാൻ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മണിക്കൂറുകൾക്ക് ശേഷം യുവതി ആരോഗ്യവാനായ ആൺകുഞ്ഞിനെ പ്രസവിച്ചു. എന്നാൽ കുഞ്ഞ് മരിച്ചുവെന്നും യുവതിയുടെ നില ഗുരുതരമാണെന്നുമുള്ള വാർത്തയാണ് പിന്നീട് കുടുംബം കേൾക്കുന്നത്.
ആശുപത്രി അധികൃതർ മരണകാരണം പറഞ്ഞത് രക്തം നഷ്ടപ്പെട്ടന്നാണ്. എന്നാൽ ആവശ്യത്തിന് വേണ്ട രക്തം ഏർപ്പാട് ചെയ്തിരുന്നെന്നും ഇവിടെ ശരിയായ ഡോക്ടർമാരില്ലെന്നും യുവതിയുടെ കുടുംബം പറഞ്ഞു. അഞ്ജലിയുടെ ചികിത്സയ്ക്കായി കുടുംബം പലിശയ്ക്ക് പണം കടം വാങ്ങിയാണ് ആശുപത്രിയിലെത്തിയത്.
45,000 രൂപയാണ് ചികിത്സയ്ക്കായ് ചെലവഴിച്ചത്. അതോടൊപ്പം യുവതിയുടെ അമ്മയുടെ സ്വർണ്ണ കമ്മലുകളും വിറ്റെന്ന് കുടുംബം കൂട്ടിച്ചേർത്തു. എന്നാൽ ആശുപത്രി അധികൃതർ ഡോക്ടർമാരുടെയോ മരുന്നുകളുടെയോ ക്ഷാമമില്ലെന്ന് പറഞ്ഞതിനോട് കുടുംബം ശക്തമായ് എതിർത്തു.
ആശുപത്രിയിൽ മരുന്നുകളൊന്നുമില്ല, എല്ലാം പുറത്തു നിന്നാണ് വാങ്ങിയത്. ടെസ്റ്റുകളൊക്കെ സ്വകാര്യ ലാബിലാണ് ചെയ്തത്. അഞ്ജലിക്ക് വേണ്ടി സംഘടിപ്പിച്ച രക്തം മറ്റ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിച്ചതായും കുടുംബം ആരോപിച്ചു. നാന്ദേഡ് ആശുപത്രിയിലെ മരണനിരക്ക് കുതിച്ചുയരുന്നത് അടിസ്ഥാന സൗകര്യങ്ങളുടെയും ശുചിത്വത്തിന്റെയും അവസ്ഥയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
ആശുപത്രി സന്ദർശനത്തിനിടെ കാന്റീനിന് സമീപം പന്നികൾ അലഞ്ഞുതിരിയുന്നത് വാർത്തയായിരുന്നു. തുടർച്ചയായ മരണങ്ങൾ വാർത്തയായതോടെ രാഷ്ട്രീയ നേതാക്കൾ ആശുപത്രിക്ക് വേണ്ടി നെട്ടോട്ടമോടുകയാണ്.
നന്ദേഡ് ആശുപത്രിയിൽ മരുന്നുകളുടെയും ഡോക്ടർമാരുടെയും ക്ഷാമമില്ലെന്ന നിലപാടിലാണ് മഹാരാഷ്ട്ര സർക്കാർ. മരണത്തെ സർക്കാർ വളരെ ഗൗരവത്തോടെയാണ് കണ്ടതെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഇന്നലെ പറഞ്ഞു. എന്നാൽ മരുന്നുകളുടെ ക്ഷാമം നിഷേധിച്ചു.
നദേഡിനു പിന്നാലെ മഹാരാഷ്ട്രയിലെ മറ്റൊരു ആശിപത്രിയിൽ കൂടി കൂട്ടമരണം സംഭവിച്ചു. സംബാജിനഗറിലെ ഗാട്ടി ആശുപത്രിയിൽ 24 മണിക്കൂറിനിടെ പത്ത് പേരാണ് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ രണ്ട് മാസത്തിനിടെ മൂന്നാമത്തെ കൂട്ടമരണമാണ്. മരിച്ചവർക്ക് പ്രമേഹം, കരൾ രോഗം വൃക്കത്തകരാർ, വിഷബാധ തുടങ്ങിയ വിവിധ രോഗങ്ങളുണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം.