നന്ദേഡിലെ ആശുപത്രിയിൽ 31 പേർ മരിച്ച സംഭവം മഹാരാഷ്ട്ര സർക്കാരിന്റെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്ത്. എന്തുകൊണ്ടാണ് രോഗികൾക്ക് കൃത്യ സമയത്ത് മരുന്ന് ലഭിക്കാത്തതെന്നും കോൺഗ്രസ് ചോദിച്ചു. എന്നാൽ മഹാരാഷ്ട്ര സർക്കാർ ആശുപത്രിയിലെ മരുന്നുകളുടെ ക്ഷാമം നിഷേധിച്ചു.
കോൺഗ്രസ് നേതാവ് അജോയ് കുമാർ പത്രസമ്മേളനത്തിലാണ് സംസ്ഥാനത്തെ ബിജെപി-ശിവസേന സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. “എംഎൽഎമാരെ വാങ്ങുന്ന തിരക്കിലായതിനാൽ അവർക്ക് മരുന്ന് വാങ്ങാൻ കഴിയില്ല” എന്നും ആരോപിച്ചു.
മഹാരാഷ്ട്ര സർക്കാരിന്റെ ഗുരുതരവും കുറ്റകരവുമായ അശ്രദ്ധ കുട്ടികളുൾപ്പെടെ ഉൾപ്പെടെ നിരവധി ആളുകളുടെ മരണത്തിലേക്ക് നയിച്ചു. നാല് മാസം മുമ്പ് സർക്കാർ മരുന്ന് വിതരണക്കാരെ മാറ്റിയതിനാൽ രോഗികൾക്ക് മരുന്ന് വാങ്ങാൻ കഴിയാത്തതിനാലാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ഡോക്ടർ ശങ്കർറാവു ചവാൻ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെപ്റ്റംബർ 30 മുതൽ 48 മണിക്കൂറിനുള്ളിൽ ശിശുക്കളുടേതുൾപ്പെടെ 31 മരണങ്ങളാണ് രേഖപ്പെടുത്തിയത്.
മരണപ്പെട്ട രോഗികളുടെ ബന്ധുക്കൾ ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയെയും മരുന്നുകളുടെ കുറവിനെയും കുറിച്ച് വിമർശിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ആശുപത്രിയിൽ മരുന്നുകൾക്ക് ക്ഷാമമില്ലെന്നാണ് അധികൃതരുടെ വാദം.