മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകൻ സുജയ് വിഖെ പാട്ടീൽ ബിജെപിയിൽ ചേർന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനേത്തുടർന്നാണ് അദ്ദേഹം പാർട്ടിവിട്ടതെന്നാണ് വിവരം. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലാണ് സുജയ്യെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
അഹമ്മദ് നഗർ മണ്ഡലത്തിൽ മത്സരിക്കണമെന്ന് നേരത്തെ, സുജയ് വിഖെ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സീറ്റ് സഖ്യകക്ഷിയായ എൻസിപിയ്ക്ക് നൽകുകയായിരുന്നു. സുജയ് വിഖെയ്ക്ക് സീറ്റ് നൽകുന്നതിനോട് എൻസിപി നേതൃത്വം കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു. സീറ്റ് ലഭിച്ചില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് സുജയ് വിഖെ അറിയിച്ചിരുന്നു.
പിന്നീട് അദ്ദേഹം ബിജെപി നേതാവ് ഗിരീഷ് മഹാജനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ സുജയ് വിഖെ പാർട്ടി വിടുമെന്നും ബിജെപിയിൽ ചേരുമെന്നും വാർത്തകൾ പരന്നിരുന്നു.
ബിജെപി പാളയത്തിലെത്തിയ സുജയ് വിഖെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് വ്യക്തമായിട്ടില്ല. മകൻ പാർട്ടിവിട്ടതിനേക്കുറിച്ച് രാധാകൃഷ്ണ വിഖെ ഇതുവരെ പ്രതികരിച്ചിട്ടില്ല.