മഹാത്മാഗാന്ധിയെ സംബന്ധിച്ച നിരവധി വിവരങ്ങള്‍ പലപ്പോഴായി പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ മഹാത്മാഗാന്ധിയെ അലട്ടിയിരുന്ന ആരോഗ്യപ്രശ്നങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. രാജ്യത്തിന്റെ സ്വാതന്ത്രത്തിനുവേണ്ടി പോരാടിയ ആ മഹത് വ്യക്തിത്വത്തെ ധാരാളം രോഗങ്ങള്‍ അലട്ടിയിരുന്നു എന്ന റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്തു വരുന്നത്.
ഡല്‍ഹിയിലെ നാഷണല്‍ ഗാന്ധി മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ഗാന്ധിജിയുടെ ആരോഗ്യവിവരങ്ങള്‍ ഇതാദ്യമായാണ് പരസ്യപ്പെടുത്തുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച് പ്രസിദ്ധീകരിച്ച ഗാന്ധി ആന്റ് ഹെല്‍ത്ത്@150 എന്ന പുസ്തകത്തിലാണ് ഗാന്ധിജിയുടെ ആരോഗ്യത്തെ സംബന്ധിച്ച വിവരങ്ങളുള്ളത്.
ധര്‍മശാലയില്‍ നടന്ന പരിപാടിയില്‍ ദലൈലാമയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഗാന്ധിജിയുടെ തത്ത്വചിന്തകളും അഹിംസയും മാനസിക ശുചിത്വവും ഈ നൂറ്റാണ്ടില്‍ ചര്‍ച്ച ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ദലൈലാമ പറഞ്ഞു. 1939ലെ റെക്കോര്‍ഡുകള്‍ പ്രകാരം അദ്ദേഹത്തിന് 165 സെ.മി നീളവും 46.7കി.ഗ്രാം ഭാരവുമാണ് ഉണ്ടായിരുന്നത്. 17.1 ആയിരുന്നു ബോഡി മാസ് ഇന്‍ഡെക്സ് (ബിഎം.ഐ.) നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഗാന്ധിജി ശരീരഭാരക്കുറവ് (underweight) അനുഭവിച്ചിരുന്നു.
ഗാന്ധിജി നേരിട്ടിരുന്ന പലവിധ അസുഖങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 1925, 1936, 1944 എന്നീ വര്‍ഷങ്ങളിലായി മൂന്ന് തവണ ഗാന്ധിജിക്ക് മലേറിയബാധ സ്ഥിരീകരിച്ചിരുന്നു. പൈല്‍സ്, അപ്പെന്‍ഡിസൈറ്റിസ് പ്രശ്നങ്ങള്‍ മൂലം 1937ലും 1940ലും രണ്ട് ശസ്ത്രക്രിയകള്‍ക്കും വിധേയനായിരുന്നു. ലണ്ടനിലായിരിക്കെ നീര്‍വീക്കവും ശ്വാസകോശ അണുബാധയും ഗാന്ധിജിയെ അലട്ടിയിരുന്നു.
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടത്തിയിരുന്ന ഉപവാസങ്ങളില്‍ പലതും അദ്ദേഹത്തിന്റെ ആരോഗ്യനില പൂര്‍ണമായും തകര്‍ക്കുന്ന തരത്തിലുള്ളതായിരുന്നു. മരണസമാനമായ സാഹചര്യങ്ങള്‍ പലപ്പോഴും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നു.
അദ്ദേഹത്തിന്റെ ഇ.സി.ജി റിപ്പോര്‍ട്ട് സാധാരണ തോതിലായിരുന്നു. എന്നാല്‍ രക്തസമ്മര്‍ദ്ദം താരതമ്യേന ഉയര്‍ന്ന അളവിലായിരുന്നു. 1940ല്‍ 220/140 എന്ന തോതിലാണ് ഗാന്ധിജിയുടെ രക്തസമ്മര്‍ദ നില രേഖപ്പെടുത്തിയത്. ഇത്രയും കൂടിയ രക്തസമ്മര്‍ദനില ഉണ്ടായിട്ടും പ്രശ്നങ്ങളെ ശാന്തമായി സമചിത്തതയോടെ നേരിടാന്‍ ഗാന്ധിയെ സഹായിച്ചു.
കൂടിയ രക്തസമ്മര്‍ദത്തെ കുറിച്ച് നിരവധി തവണ മുന്‍ കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ഡോ. സുശീല നയ്യാറുമായി കത്തിലൂടെ ആശയവിനിമയം നടത്തിയതിനും രേഖകളുണ്ട്. രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സര്‍പ്പഗന്ധയുടെ നീര് കഴിച്ചിരുന്നതായും കത്തുകളില്‍ പരാമര്‍ശമുണ്ട്.
ദിവസവും 18 കി.മി നടക്കുന്നതാണ് ഗാന്ധിജിയുടെ ശീലം. 1913 മുതല്‍ 1948 വരെ അദ്ദേഹം നടത്തിയ സമരങ്ങളുടേയും പ്രചരണങ്ങളുടേയും ഭാഗമായി ഏതാണ്ട് 79000 കിലോമീറ്ററുകള്‍ അദ്ദേഹം നടന്നുവെന്നാണ് രേഖകള്‍. ഭക്ഷണരീതിയിലും കര്‍ശനമായ ചിട്ടകള്‍ പിന്തുടര്ന്നിരുന്ന ആളാണ് ഗാന്ധിജി. പശുവിന്റെ പാല് കുടിക്കില്ലെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. രോഗങ്ങള്‍ക്ക് അലോപ്പതി മരുന്ന് കഴിക്കാന്‍ വിസമ്മതിച്ചിരുന്ന അദ്ദേഹം പ്രകൃതി ചികിത്സയെയാണ് കൂടുതല്‍ വിശ്വസിച്ചിരുന്നതെന്നും പല രോഗങ്ങള്‍ക്കും സ്വയം ചികിത്സ നടത്തിയിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. എന്‍ഡിടിവിയാണ് പുസ്തകത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.