ചേര്‍ത്തല: മഹേശന് നിരപരാധിയാണെന്നും അയാളെ ശത്രുക്കള്‍ ചേര്‍ന്ന് കുടുക്കിയതാണെന്നും പറഞ്ഞ വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെതിരേ മകന് തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തിയത് കേസ് അട്ടിമറിക്കാനാണെന്ന് മഹേശന്റെ ബന്ധുക്കള്‍.
മഹേശന് തൂങ്ങിമരിച്ചതറിഞ്ഞ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണത്തിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് മഹേശന് നിരപരാധിയാണെന്നും മൈക്രോഫിനാന്‍സ് കേസില്‍ അയാളെ ചിലര്‍ കുടുക്കിയതാണെന്നും സാമ്പത്തിക കാര്യത്തില്‍ മഹേശന് ഉള്‍പ്പെട്ടിട്ടില്ലെന്നും ആണ്.
അതോടൊപ്പം മഹേശന് തന്റെ വിശ്വസ്തനായിരുന്നുവെന്നും അതിനാല്‍ സത്യാവസ്ഥ അറിയാന്‍ അന്വേഷണച്ചുമതല സിബിഐയെ ഏല്‍പ്പിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു.
വെള്ളാപ്പള്ളിയുടെ പ്രസ്താവന മഹേശന്റെ വീട്ടുകാരടക്കം പലരും സ്വാഗതം ചെയ്യുന്നതിനിടെയാണ് ഇന്നലെ വ്യത്യസ്ത നിലപാടുമായി മകന് തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തുന്നത്.
എസ്എന്‍ഡിപിയിലെ പല അഴിമതികളിലും മഹേശന് ക്ലീൻ ചിറ്റ് നൽകാനാവില്ലെന്നാണ് തുഷാറിന്റെ നിലപാട്. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഭീഷണിപ്പെടുത്താനാണ് മഹേശന് കത്തെഴുതിയത്.
കത്തില്‍ പറയുന്ന ഒരു കാര്യത്തിലും അടിസ്ഥാനമില്ല. ഒപ്പം നില്‍ക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമായിരുന്നു അത്. കേസില്‍ അറസ്റ്റിലാവുമെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് മഹേശന്റെ ആത്മഹത്യയെന്നും തുഷാര്‍ ആരോപിച്ചു.
യോഗം ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെയാണ് കത്തിലൂടെ ലക്ഷ്യമിട്ടത്. ചേര്‍ത്തല, കണിച്ചുകുളങ്ങര യൂണിയനുകളുമായി ബന്ധപ്പെട്ട ചില സാമ്പത്തിക ക്രമക്കേടുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ വെളിപ്പെടുത്തുമെന്നും അല്ലാതെ യോഗത്തിന് മുന്നോട്ടു പോകാനാവില്ലെന്നും തുഷാർ പറയുന്നു.
അതേസമയം വെള്ളാപ്പളളിയുടെയും മകന് തുഷാര്‍ വെള്ളാപ്പള്ളിയുടെയും പ്രസ്താവനയിലൂടെ കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
എസ്എന്‍ഡിപിയിലെ പല അഴിമതികളും മഹേശന്റെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് ഇതിനുപിന്നില്‍. ഇപ്പോള്‍ തുഷാര്‍ ആരോപിക്കുന്ന കാര്യങ്ങളടക്കം അന്വേഷണത്തിന്റെ പരിധിയിലുള്പ്പെടുത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
മഹേശന് മരിച്ചുപോയതിനാല്‍ എല്ലാം അദ്ദേഹത്തിന്റെ തലയില്‍ കെട്ടിവെച്ച് സ്വയം രക്ഷപ്പെടാനുള്ള നീക്കമാണ് ഇതിനുപിന്നിലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
അതേസമയം കെ.കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് മാരാരിക്കുളം പോലീസ് ഇന്നലെയും മഹേശന്റെ ഭാര്യ ഉഷാദേവിയുടെ മൊഴി എടുത്തു. അവസാനമായി മഹേശന് എഴുതിയ കത്ത് മൊഴി നല്കുമ്പോൾ ഉഷാദേവി പോലീസിന് കൈമാറി.
മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട കേസുകളില്‍ മാനസിക സമ്മർദത്തിലാക്കിയിരുന്നെന്ന് മഹേശന് ഉഷാദേവിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് താങ്ങാന്‍ പറ്റാത്ത മാനസിക പീഡനം അനുഭവിക്കുകയാണെന്നും കേരളത്തിലെ എല്ലാ മൈക്രോഫിനാന്‍സ് കേസുകളിലും തന്നെ കുടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും, കേസിൽ കുടുക്കി നിരന്തരമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുമെന്നും മഹേശന് ഈ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.