തൃശൂർ: ഒല്ലൂർ കുട്ടനെല്ലൂരിൽ വനിതാ ദന്ത ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിലായി. പാവറട്ടി സ്വദേശി മഹേഷ് ആണ് അറസ്റ്റിലായത്. പൂങ്കുന്നത്ത് നിന്നുമാണ് ഇയാൾ പിടിയിലായത്.
മൂവാറ്റുപുഴ സ്വദേശിനി ഡോക്ടർ സോന(30) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള സാന്പത്തിക പ്രശ്നങ്ങളും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
ബന്ധുക്കൾ അടുത്തുണ്ടായിരുന്നപ്പോഴാണ് മഹേഷ് സോനയെ കുത്തിയത്. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഡോക്ടർ മരിച്ചത്.
സോനയും മഹേഷും ചേർന്ന് കഴിഞ്ഞ രണ്ടു വർഷത്തോളമായി ഡെന്റൽ ക്ലിനിക് നടത്തിവരികയായിരുന്നു. സാന്പത്തിക ഇടപാടുകളെ ചൊല്ലി ഇവർ തമ്മിൽ തർക്കം നിലനിന്നിരുന്നു. തുടർന്ന് സോനയും ബന്ധുക്കളും ഇയാൾക്കെതിരേ പരാതി നൽകി.
ഇതിനു പിന്നാലെ മഹേഷ് ക്ലിനിക്കിലെത്തി ആക്രമിക്കുകയായിരുന്നു. ഭർത്താവുമായി അകന്നു കഴിയുന്ന സോന രണ്ടുവർഷത്തോളമായി മഹേഷിനൊപ്പമായിരുന്നു താമസം.
കുട്ടനെല്ലൂരിൽ ദി ഡെന്റിസ്റ്റ് എന്ന ദന്താശുപത്രി നടത്തിയിരുന്ന ഇവർ കുരിയച്ചിറയിലെ ഫ്ളാറ്റിലായിരുന്നു താമസം. സോനയെ ആക്രമിച്ചശേഷം മഹേഷ് കാറിൽ രക്ഷപ്പെടുകയായിരുന്നു.
ഉദരഭാഗത്തും കാലിലും ആഴത്തിലുള്ള മുറിവേറ്റ സോന ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് മരിച്ചത്.ഒളിവിൽ പോയ മഹേഷ് നാടുവിടാനുള്ള ശ്രമം നടത്തുകയായിരുന്നു. ഇയാൾ രക്ഷപ്പെട്ട കാർ ഒല്ലൂർ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.