തിരുവനന്തപുരം: പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ കെഎസ് യു പ്രവർത്തകനെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ മുൻചെയർമാനും എസ് എഫ് ഐ മുൻ ജില്ലാ കമ്മറ്റി അംഗവുമായ ഏട്ടപ്പനെന്ന എം.ആർ മഹേഷ് കുമാർ ഒളിവിലെന്ന് മ്യൂസിയം പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ഏട്ടപ്പനെ കണ്ടെത്താൻ വ്യാപക പരിശോധനയാണ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
ഇയാൾ താമസിക്കുന്ന മുട്ടത്തറയിലെ വീട്ടിലും യൂണിവേഴ്സിറ്റി ഹോസ്റ്റലിലും പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. രണ്ടാം വർഷ എംഎ വിദ്യാർഥി നിതിൻ രാജിനെയാണ് ഏട്ടപ്പൻ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. പരിക്കേറ്റ നിതിൻരാജ് ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽകോളേജിൽ ചികിത്സയിലാണ്.
മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്ന നിതിന്റെ സർട്ടിഫിക്കറ്റും ബാഗും മഹേഷ് എന്ന ഏട്ടപ്പൻ കത്തിച്ചതായും ബാഗിലുണ്ടായിരുന്ന നാൽപ്പതിനായിരം രൂപ കവർന്നതായും ചൂണ്ടിക്കാട്ടി കെഎസ് യു പ്രവർത്തകർ പോലീസിൽ പരാതി നൽകി.
ഇതുമായി ബന്ധപ്പെട്ട് ഏട്ടപ്പൻ ഉൾപ്പടെ ഏഴുപേർക്കെതിരെ കേസെടുത്തതായി മ്യൂസിയം പോലീസ് അറിയിച്ചു. 2010-2011 കാലഘട്ടത്തിലെ യൂണിവേഴ്സിറ്റി കോളേജിലെ ചെയർമാനായിരുന്നു മഹേഷ് കുമാർ. ഇതിനു ശേഷം ഇയാൾ പാളയത്തെ യൂണിവേഴ്സിറ്റി കോളേജിലേയ്ക്ക് ചേക്കേറുകയായിരുന്നു.
36 വയസു കഴിഞ്ഞ ഇയാൾ യൂണിവേഴ്സിറ്റി കോളേജിലെ ഹോസ്റ്റലിന്റെ ചുമതലയുള്ള അധ്യാപകന്റേയും സിപിഎം ജില്ലാ കമ്മറ്റിയുടേയും പിന്തുണയോടെ ഹോസ്റ്റലിൽ തുടരുകയാണ്. ഗവേഷക വിദ്യാർഥിയെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാളുടെ ഹോസ്റ്റലിലെ താമസം. ഇയാളെ അനുസരിക്കാത്തവരെ തല്ലുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവാണ്.
അക്രമവും പരാതിയും ഉണ്ടാകുന്പോൾ മുങ്ങുന്ന ഇയാൾ എല്ലാം തണുക്കുന്പോൾ ഹോസ്റ്റലിൽ തിരിച്ചെത്തും. കഴിഞ്ഞ 12 വർഷമായി ഇയാൾക്ക് ഹോസ്റ്റലിൽ മുറിയുണ്ട്. വിദ്യാർഥിയല്ലാത്ത ഇയാൾക്കെതിരെ പരാതി നൽകുന്നവരെ രാത്രിയിൽ സംഘം ചേർന്ന് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുന്നതും പതിവാണെന്ന് വിദ്യാർഥികൾ പരാതി പറയുന്നു. മദ്യപാനം ഉൾപ്പടെ ഹോസ്റ്റലിലെ എല്ലാ വൃത്തികേടുകൾക്കും നേതൃത്വം നൽകുന്നത് ഇയാളാണെന്ന് വിദ്യാർഥികൾ പറയുന്നത്.
യൂണിവേഴ്സിറ്റി കോളജിലെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാൻ ഇയാളെ ചെല്ലും ചെലവും കൊടുത്ത് എസ്എഫ്ഐ നേതൃത്വവും സിപിഎം ജില്ലാ നേതൃത്വവും തീറ്റി പോറ്റുകയാണെന്നാണ് കെഎസ് യു ആരോപിക്കുന്നത്. എന്നാൽ എസ്എഫ് ഐയുമായി ഏട്ടപ്പന് ബന്ധമില്ലെന്നാണ് എസ് എഫ് ഐ ജില്ലാ നേതൃത്വം പറയുന്നത്. എന്നാൽ എസ് എഫ്ഐ കോളേജിലും പുറത്തും സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും ഇയാളുടെ സാന്നിധ്യമുണ്ടെന്നാണ് കെഎസ് യു പറയുന്നത്.