അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ സ്വദേശിയും 34 കാരനുമായ ജി. മഹേഷ് കുമാർ. ജന്മനാ കാഴ്ച ക്കുറവും കേൾവിക്കുറവും ഉണ്ടായിട്ടും നന്നായി പഠിച്ച് അസിസ്റ്റന്റ് പ്രഫസറാകാൻ അഡ് വൈസ് മെമ്മോ കിട്ടി ജോലിയിൽ പ്രവേശിക്കാനുള്ള കാത്തിരിപ്പിലാണ് മഹേഷ് കുമാർ എന്ന ചെറുപ്പക്കാരൻ.
ജന്മനാലുള്ള അന്ധത ശസ്ത്രക്രിയയിലൂടെ ഭാഗികമായി പരിഹരിച്ചിരുന്നു. ഒരു കണ്ണിന്റെ കാഴ്ച കുറച്ച് വീണ്ടെടുക്കാനായി. മൂന്നാം ക്ലാസിൽ പഠിക്കുമ്പോ ഴാണു കേൾവിക്കുറവു കണ്ടുപിടിച്ചത്. തുടർന്നു ശ്രവണസഹായി ഉപയോഗിക്കാൻ തുടങ്ങി. നിലവിൽ 72 ശതമാനം ബധിരനും 75 ശതമാനം അന്ധനുമാണ് മഹേഷ് കുമാർ.
വൈകല്യങ്ങൾ ഉണ്ടായിട്ടും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ് യോഗ്യതയുമുണ്ട് മഹേഷിന്. ഭാവിയിൽ ഒരു പൊളിറ്റിക്കൽ സയന്റിസ്റ്റ് ആകാനാണ് ആഗ്രഹം. തന്റെ അക്കാഡമിക് ജീവിതത്തിലുടനീളം, നിരവധി പ്രതിബന്ധങ്ങളെ മഹേഷ് അഭിമുഖീകരിച്ചിട്ടുണ്ട്. ആത്മവിശ്വാസത്തോടെ അദ്ദേഹം അതൊക്കെ മറികടന്നു. “ഒരാൾ അവരുടെ താൽപ്പര്യ മേഖല തിരിച്ചറിയുകയും ആ ലക്ഷ്യപ്രാപ്തിയിലെത്താനുള്ള കഴിവുകൾ സ്വയം വികസിപ്പിക്കുകയും വേണം,” മഹേഷ് പറയുന്നു.
ഇപ്പോൾ കണ്ണൂർ സർവകലാശാലയിൽ ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് മഹേഷ്. ഈ മാസം 30ന് ജോലിയിൽനിന്ന് റീലീവ് ചെയ്തശേഷം 31ന് കോട്ടയം നാട്ടകം ഗവ. കോളജിൽ പൊളിറ്റിക്കൽ സയൻസ് അസിസ്റ്റന്റ് പ്രഫസറായി ജോലിയിൽ പ്രവേശിക്കും. വിജയവും പരാജയവും ഒരേ ആവേശത്തോടെ എങ്ങനെ നേരിടണമെന്ന് എല്ലാവരും പഠിച്ചിരിക്കണമെന്ന് മഹേഷ് പറയുന്നു.
വൈകല്യം തന്റെ അഭിനിവേശം പിന്തുടരുന്നതിൽനിന്ന് എന്നെ തടഞ്ഞിട്ടില്ല. അക്കാഡമിക് വിഷയങ്ങൾക്കുപുറമെ, പ്രിയപ്പെട്ട വിനോദം വായനയാണ്. ചിലപ്പോൾ എന്റെ സുഹൃത്തുക്കൾ പുസ്തകങ്ങൾ വായിച്ച് കേൾപ്പിച്ചുതരുമെന്നും മഹേഷ് പറഞ്ഞു.
അടുത്ത ലക്ഷ്യം സിവിൽ സർവീസ്
സിവിൽ സർവീസ് പരീക്ഷ പാസാകുകയാണ് വേറൊരു ലക്ഷ്യം. ഐഎഎസ് എന്ന പദവി കരസ്ഥമാക്കണം. പ്രഫസറാകുക എന്ന സ്വപ്നം യാഥാർഥ്യമായതോടെ അടുത്ത പരീക്ഷയ്ക്ക് വേണ്ടി കൂടുതൽ കഷ്ടപ്പെട്ട് പഠിക്കുകയാണ് മഹേഷ്.
മത്സരാധിഷ്ഠിത ലോകത്ത് നിങ്ങൾ എന്താകാൻ ആഗ്രഹിക്കുന്നുവോ അതിനായി ശ്രദ്ധ കേന്ദ്രീകരിക്കുകയും അത് സാധ്യമാക്കാൻ സ്വയം പ്രവർത്തിക്കുകയും വേണമെന്നും ജി. മഹേഷ് കുമാർ കൂട്ടിച്ചേർത്തു.
കല്ലറ മോഹൻ ദാസ്