പാകിസ്ഥാന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദു എന്ന ബഹുമതി ഇനി മഹേഷ് മലാനിയ്ക്ക് സ്വന്തം. പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) യുടെ സ്ഥാനാര്‍ത്ഥിയായിരുന്ന മലാനി തെക്കന്‍ സിന്ധ് പ്രവിശ്യയിലെ താര്‍പാര്‍ക്കര്‍ മണ്ഡലത്തില്‍ നിന്നാണ് മല്‍സരിച്ചു ജയിച്ചത്.
മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്കും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുമതി നല്കുന്ന നിയമഭേദഗതി വന്നു 16 വര്‍ഷത്തിനുശേഷമാണ് മലാനിയുടെ വിജയം എന്നത് ശ്രദ്ധേയമാണ്.
മലാനിക്കു പുറമെ പതിനാലു സ്ഥാനാര്‍ഥികള്‍ മത്സരിച്ച മണ്ഡലമാണ് താര്‍പാര്‍ക്കര്‍. 106630 വോട്ടുകളോടെയാണ് മലാനി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2013ല്‍ സിന്ധ് അംസംബ്ലിയിലേക്കും മലാനി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മതന്യൂനപക്ഷങ്ങള്‍ക്കു പാകിസ്താനില്‍ സംവരണ സീറ്റുകളുണ്ടെങ്കിലും രണ്ട് അവസരങ്ങളിലും പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാണു മലാനി കരുത്തു തെളിയിച്ചത്.
2002ല്‍ അന്നത്തെ പ്രസിഡന്റ് പര്‍വേസ് മുഷറഫാണു മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്കും പൊതുതിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാന്‍ ഭരണഘടനാഭേദഗതിയിലൂടെ നിയമമുണ്ടാക്കിയത്. 2003-08 കാലത്ത് മലാനി നാമനിര്‍ദേശിത സംവരണസീറ്റില്‍ പാര്‍ലമെന്റ് അംഗമായിരുന്നു.