ചെങ്ങന്നൂര്‍: ശബരിമലയില്‍ താന്ത്രിക ചുമതലയുള്ള തന്ത്രി താഴമണ്‍ മഠത്തിലെ ഇളമുറക്കാരന് മഹേഷ് മോഹനര് വിവാഹിതനാവുന്നു.
അടുത്ത മാസം ജൂണ്‍ നാലിനാണ് വിവാഹം. ബുധനൂര്‍ മാധവപ്പിള്ളി മഠത്തില്‍ ശ്രീകുമാരവര്മ്മയുടേയും ശോഭ ശ്രീകുമാറിന്റെയും മകള്‍ സുഭദ്രയാണ് വധു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുക.
ശബരിമലയില്‍ താന്ത്രിക കര്‍മങ്ങള്‍ക്ക് അവകാശമുണ്ടായിരുന്നത് കഴിഞ്ഞ തലമുറയില്‍ മൂന്ന് പേര്‍ക്കായിരുന്നു.
കണ്ഠരര് കൃഷ്ണരര്, നീലകണ്ഠരര്, മഹേശ്വരര് എന്നീ സഹോദരന്മാരാണ് ഓരോവര്‍ഷം വീതം ശബരിമലയില്‍ പൂജകള്‍ക്ക് കാര്‍മികത്വം വഹിച്ചിരുന്നത്.
കൃഷ്ണരരുടെ പിന്‍ഗാമിയായി മകന് രാജീവരര് എത്തി. എന്നാല്‍ നീലകണ്ഠര്‍ക്ക് ആണ്‍കുട്ടികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് താന്ത്രിക അവകാശം നഷ്ടപ്പെട്ടു.
മഹേശ്വരരുടെ പിന്‍ഗാമിയായി മോഹനരരും തന്ത്രിയായി. മോഹനരരിന് പകരമായാണ് മകന് കൗമാരക്കാരനായ മഹേഷ് മോഹനര് ചുമതലയേറ്റത്.
ഇപ്പോള്‍ മഹേഷ് മോഹനരും രാജീവരരും എന്നീ രണ്ടു തന്ത്രിമാരാണ് ഓരോ വര്‍ഷം ഇടവിട്ട് ശബരിമലയിലെ താന്ത്രിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത്.
ചെന്നൈ മൈലാപ്പൂര് കോളജില്‍ നിന്നു സംസ്കൃതത്തില്‍ ബിരുദാനന്തര ബിരുദം നേടിയ മഹേഷ് മോഹനര് കോഴിക്കോട് മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരിപ്പാടിന്റെ ശിക്ഷണത്തില്‍ പൂജാവിധികള്‍ പഠിച്ച ശേഷമാണ് തന്ത്രിയായി അവരോധിതനായത്.
ഇനി അടുത്ത ചിങ്ങം ഒന്നു മുതല്‍ ഒരു കൊല്ലം കണ്ഠര് മഹേഷ് മോഹനര് ആയിരിക്കും ശബരിമലയിലെ താന്ത്രിക ചുമതല. ഇരു കുടുംബങ്ങളും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ മുന്‍കൂട്ടി നടത്തുകയും അതിനായി കല്യാണ മണ്ഡപം ബുക്ക് ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വിവാഹ ചടങ്ങുകള്‍ വധൂഗൃഹമായ ബുധനൂര്‍ മാധവപ്പിള്ളി മഠത്തില്‍ നടത്തുമെന്നാണ് സൂചന.
വിവാഹത്തിന്റെ ഒരുക്കങ്ങള്‍ ചെങ്ങന്നൂര്‍ മുണ്ടന്‍കാവിലെ താഴമണ്‍ മഠത്തില്‍ മുത്തശി ദേവകി അന്തര്‍ജനത്തിന്റെയും പിതാവ് മോഹനരരുടേയും മാതാവ് ആശയുടേയും നേതൃത്വത്തിലും നടന്നു വരികയാണ്.
തന്ത്രിയെന്ന നിലയില്‍ ഇളമുറക്കാരനാണെങ്കിലും പൂജാ കര്മ്മങ്ങളിലെ കൃത്യതയും കണിശതയും തന്റേതായ നിലാപാടുകളും കൊണ്ട് മഹേഷ് മോഹനര് ഇതിനോടകം തന്നെ പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുണ്ട്.
മുത്തച്ഛനായ കണ്ഠര് മഹേശ്വരരുടെ ഒപ്പമാണ് മഹേഷ് മോഹനര് അദ്ദേഹത്തിന്റെ സഹായി ആയി ശബരിമലയില്‍ എത്തിയത്.