കാട്ടാക്കട: പത്തു വർഷത്തിനിടെ 16 മരണങ്ങൾ, അതിലുമേറെ ആത്മഹത്യാ ശ്രമങ്ങൾ. ഇതൊക്കെയാണ് കരമനയാർ കടന്നുപോകുന്ന പേയാട് അരുവിപ്പുറം ആറിന് മരണ ചുഴി എന്ന ദുഷ്പേര് കിട്ടാൻ കാരണം. ഇനിയൊരു ജീവനും ഈ പുഴയിൽ പൊലിയരുതെന്ന വാശിയോടെ ഒരു ചെറുപ്പക്കാരൻ ഇപ്പോൾ കാവലുണ്ടിവിടെ. അരുവിപ്പുറം എംഎസ് ഭവനിൽ മഹേഷ്.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ മരണത്തിന് വിട്ടുനൽകാതെ മഹേഷ് ആഴക്കയത്തിൽ നിന്ന് മുങ്ങിയെടുത്തത് മൂന്നു പേരെയാണ്. പേയാട് ഭജനമഠം, തച്ചോട്ടുകാവ് സ്വദേശികളായ രണ്ട് സ്കൂൾ വിദ്യാർഥികളെയും, മലയിൻകീഴ് സ്വദേശിയായ യുവാവിനെയും.
മരണക്കയം തേടിയെത്തിയ നൂറോളം പേരെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് മടക്കി അയച്ചിട്ടുമുണ്ട് മഹേഷ്.കൗമാരങ്ങൾ വഴുതിവീണ ബ്ലൂ വെയിൽ പോലുള്ള മരണക്കളികൾ പ്രചരിച്ചിരുന്ന സമയം.
രഹസ്യമായി ഈ ആത്മഹത്യാ ഗെയിമിൽ ഏർപ്പെട്ട വിദ്യാർഥികൾ സാഹസിക നീന്തലിന് തെരഞ്ഞെടുത്തിരുന്ന ആറുകളിൽ ഒന്നായിരുന്നു ഇത്.
ഉച്ചനേരത്തും വൈകുന്നേരങ്ങളിലും മൊബൈൽ ഫോണുകളുമായി കൗമാരക്കാരുടെ ഒഴുക്കായിരുന്നു ആയിടയ്ക്ക് കടവിലും ആറിനു മധ്യത്തെ പാറക്കൂട്ടങ്ങളിലും. ഇക്കൂട്ടരെ പിന്തിരിപ്പിച്ചു വിടാൻ ജാഗ്രതയോടെ പുഴക്കരയിലുണ്ടായിരുന്നു മഹേഷ്. പുറമേ ശാന്തമാണ് അരുവിപ്പുറം നദി. അടിത്തട്ടിൽ ഒളിഞ്ഞിരിക്കുന്നത് അപകടകരമായ ചുഴികളും കയങ്ങളും.
പത്ത് വർഷം മുൻപുവരെ വിളപ്പിൽ പഞ്ചായത്ത് മണൽഖനനം നടത്തി ലേലം ചെയ്തിരുന്നത് ഇവിടെ നിന്നാണ്. പിന്നെ അനധികൃത വൈഡൂര്യ ഖനനവും. ഇതൊക്കെയാണ് പുഴയിൽ അൻപതടിയിലേറെ താഴ്ചയുള്ള കയങ്ങൾ സൃഷ്ടിച്ചതെന്ന് മഹേഷ് പറയുന്നു.
മരണങ്ങൾ പെരുകിയതോടെ ആറിന്റെ തീരത്ത് പഞ്ചായത്ത് കഴിഞ്ഞ വർഷം അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. എങ്കിലും സമീപത്ത് താമസിക്കുന്ന മഹേഷിന്റെ കണ്ണുകൾ ആറ്റിലാണ്. ഒരു കാവൽക്കാരന്റെ കരുതലോടെ.