ചേര്‍ത്തല: എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ടു തുഷാര്‍ വെള്ളാപ്പള്ളി മഹേശന്റെ മേൽ ആരോപിച്ച 15 കോടിയുടെ അഴിമതി ആരോപണം പൊളിയുന്നു.
എസ്എന്‍ഡിപി കണിച്ചുകുളങ്ങര, ചേർത്തല യൂണിയനുകളിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും തുഷാര്‍ ആരോപിച്ചിരുന്നു. കെ.കെ. മഹേശൻ നടത്തിയ 15 കോടിയുടെ തട്ടിപ്പ് പിടിക്കപ്പെടുമെന്നു ബോധ്യമായപ്പോഴാണ് ആത്മഹത്യയെന്നും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുടുക്കാനാണ് മഹേശന് ശ്രമിച്ചതെന്നും തുഷാർ ആരോപിച്ചിരുന്നു.
എന്നാല്‍, എസ്എന്‍ഡിപി ചേര്‍ത്തല യൂണിയനില്‍ ഒരു തട്ടിപ്പും നടന്നിട്ടില്ലെന്നാണ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സാക്ഷ്യപ്പെടുത്തുന്നത്.
2019 ജൂണ്‍ രണ്ടിന് വെള്ളാപ്പള്ളിയുടെ കയ്യൊപ്പോടുകൂടിയ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ചേര്‍ത്തല യൂണിയനില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും എല്ലാ കണക്കുകളും താന്‍ വ്യക്തമായി പരിശോധിച്ചതാണെന്നും വെള്ളാപ്പള്ളി സാക്ഷ്യപ്പെടുത്തുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്നത് ഇപ്രകാരം-
എസ്എന്‍ഡിപി ചേര്‍ത്തല യൂണിയന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 2010 ജനുവരി ഒന്നുമുതൽ 2019 മാര്‍ച്ച് വരെയുള്ള വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചുവെന്നും മൈക്രോഫിനാന്‍സ് സ്റ്റേറ്റ്മെന്റ്, നാള്‍വഴി, പേരേട്, രസീതുകള്‍, വൗച്ചറുകള്‍ പരിശോധിച്ചതില്‍ ശരിയാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വെള്ളാപ്പള്ളി സാക്ഷ്യപ്പെടുത്തുന്നു.
ഇതിലേക്ക് ആവശ്യമായ എല്ലാ റിക്കാര്‍ഡുകളും ലഭിച്ചുവെന്നും കണക്ക് പുസ്തകത്തില്‍ കാണുന്ന പ്രകാരം വരവ് ചെലവ് സ്റ്റേറ്റ്മെന്റും ശരിയാണെന്നും വെള്ളാപ്പള്ളിയുടെ ഒപ്പോടുകൂടിയ സാക്ഷ്യപത്രത്തില്‍ പറയുന്നുണ്ട്.
ഈ കണക്ക് അവതരിപ്പിച്ച വേളയില്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പൊരുത്തകേടുകളുണ്ടെന്ന് ചിലർ യോഗത്തില്‍ അഭിപ്രായം ഉയര്‍ത്തിയെങ്കിലും പരിഗണിച്ചില്ലെന്നും ആരോപണമുണ്ട്.
ഇതില്‍ ഉള്‍പ്പെട്ടവര്‍ പിന്നീട് ജനറല്‍ സെക്രട്ടറിക്ക് ഇതുസംബന്ധിച്ചു പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അവര്‍ പറയുന്നു.