ചേര്‍ത്തല: എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും പരാതി നല്കി. ഇ-മെയില്‍ വഴിയാണ് പരാതി അയച്ചത്.
മഹേശന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. വെള്ളാപ്പള്ളി നടേശന്റെ ഭരണതലത്തിലുള്ള സ്വാധീനം നിമിത്തം കേസ് അട്ടിമറിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്.
മാരാരിക്കുളം പോലീസ് സ്റ്റേഷന് ഓഫീസര്‍ എസ്.രാജേഷിനാണ് അന്വേഷണ ചുമതല. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ വൈകുന്നേരം മാരാരിക്കുളം സിഐയുടെ നേതൃത്വത്തില്‍ മഹേശന്റെ ബന്ധുക്കളുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.
ഉച്ചയോടെ നടന്ന മൊഴിയെടുക്കല്‍ നാലുമണിക്കൂറോളം നീണ്ടു. മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനെതിരായ ആരോപണങ്ങള്‍ ബന്ധുക്കള്‍ മൊഴിയിലും ആവർത്തിച്ചു. മഹേശന് ഭാര്യ ഉഷാദേവിക്ക് എഴുതിയ ആത്മഹത്യ കുറിപ്പുകളും മറ്റു രേഖകളും ഇവര്‍ പോലീസിനെ കാണിച്ചു.
ഇതില്‍ ചിലരുടെ പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്. ആത്മഹത്യ കുറിപ്പുകളിൽ വെള്ളാപ്പള്ളി നടേശന്റെയും അശോകന്റെയും പങ്ക് വ്യക്തമാക്കുന്നുണ്ട്. സംഭവത്തിന് ഉത്തരവാദികൾ വെള്ളാപ്പള്ളിയും അശോകനുമാണെന്നാണ് കുറിപ്പുകളിലുള്ളത്. അതുകൊണ്ട് യഥാര്‍ത്ഥ വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരണമെന്നതാണ് ബന്ധുക്കളുടെ ആവശ്യം.
അതിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണം.
കണിച്ചുകുളങ്ങര യൂണിയന് ഭാരവാഹികളുടെയും ഓഫീസ് ജീവനക്കാരുടെയും മൊഴികളും പോലീസ് രേഖപ്പെടുത്തി. മന്ത്രി തോമസ് ഐസക്, എ.എം. ആരീഫ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ തുടങ്ങിയവർ ഇന്നലെ മഹേശന്റെ വസതിയില്‍ എത്തിയിരുന്നു.
അതേസമയം, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ പോലീസ് കേസെടുത്തേക്കുമെന്നാണ് സൂചന. ആത്മഹത്യ പ്രേരണാ കുറ്റത്തിനായിരിക്കും കേസ് എടുക്കുക. മരിക്കുന്നതിനുമുമ്പ് താന്‍ മരിക്കാനുള്ള കാരണം മഹേശന് വ്യക്തമായി എഴുതിവച്ചിട്ടായിരുന്നു ആത്മഹത്യചെയ്തത്.
32 പേജുള്ള ആത്മഹത്യ കുറിപ്പില്‍ വെള്ളാപ്പള്ളി നടേശനും യും കുടുംബത്തിനുമെതിരേ പല വെളിപ്പെടുത്തലമുണ്ട്. ഇതോടൊപ്പം വെള്ളാപ്പള്ളി നടേശന്റെ കൂടെയുള്ള ചില വ്യക്തികളും തന്റെ മരണത്തിന് ഉത്തരവാദികളാണെന്നും കത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഇവരെയും പ്രതികളാക്കുമെന്നാണ് പോലീസ് നല്കുന്ന സൂചന.