ചേർത്തല: എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെയും കെ.എൽ. അശോകനെയും ഐപിസി 306 പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി സമിതി ചെയർമാൻ പി.എസ്. രാജീവ്, കണ്വീനർമാരായ എം.വി. പരമേശ്വരൻ, ജി.ഹരിദാസ്, പി.വി. സുരേഷ്ബാബു എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപെട്ടു.
മഹേശന്റെ മരണത്തിനു കാരണക്കാർ വെള്ളാപ്പള്ളി നടേശനും കെ.എൽ. അശോകനുമാണെന്ന് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. മഹേശൻ മരിക്കുന്നതിനുമുന്പ് എഴുതിയ കത്തിൽ എസ്എൻഡിപിയിലെ നിരവധി ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളാണ് വെള്ളാപ്പള്ളിയെക്കുറിച്ച് തെളിവുസഹിതം എഴുതിയിട്ടുള്ളത്.
ഇന്ത്യൻ തെളിവുനിയമപ്രകാരം അങ്ങേയറ്റം വിശ്വാസ്യതയും നിയമ സാധ്യതയുമുള്ള ആരോപണങ്ങൾ മുഴുവൻ ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസിന്റെ സ്പെഷൽ ടീമിനെ നിയോഗിച്ച് എത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിക്കണമെന്നും എസ്എൻഡിപി സംരക്ഷണ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
വെള്ളാപ്പള്ളിയുടെ പീഡനത്തിൽ മഹേശൻ രക്തസാക്ഷിയാകുകയായിരുന്നു. മഹേശന്റെ ആത്മാവിനു നിത്യശാന്തി നേർന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മഹേശന്റെ ബലിചടങ്ങുകൾക്കുശേഷം കണിച്ചുകുളങ്ങര യൂണിയൻ ഓഫീസിനു മുന്നിൽ സമൂഹ പ്രാർത്ഥന നടത്തുമെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു.
അതേസമയം കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ യൂണിയൻ ഓഫീസിൽ നിന്നുള്ള രേഖകൾ പരിശോധനയ്ക്കായി മാരാരിക്കുളം പോലീസ് ശേഖരിച്ചു. യൂണിയൻ പ്രവർത്തനം, സാന്പത്തിക ഇടപാട് സംബന്ധിച്ച രേഖകൾ, ഹാർഡ് ഡിസ്കുകൾ തുടങ്ങിയവയാണ് ശേഖരിച്ചത്.
യൂണിയൻ ഓഫീസ് ജീവനക്കാർ, സമീപത്തെ ഓട്ടോത്തൊഴിലാളികൾ, മഹേശന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ മുപ്പതോളം പേരുടെ മൊഴിയെടുത്തിട്ടുണ്ട്. എസ്എഡിപി ചേർത്തല യൂണിയൻ ഓഫീസുമായും, ഒരു സ്കൂളുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുമെന്ന് മാരാരിക്കുളം സ്റ്റേഷൻ ഓഫീസർ എസ്. രാജേഷ് പറഞ്ഞു.
അതിനു ശേഷം മഹേശൻ ആത്മഹത്യയ്ക്കു മുൻപ് തയാറാക്കിയ കത്തുകളിൽ പറയുന്നവരുടെ മൊഴിയെടുക്കും. മഹേശൻ മരിക്കുന്നതിനു മുൻപ് നടത്തിയ ഫോണ് വിളികളെ സംബന്ധിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.