ചേർത്തല: എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് എസ്എൻഡിപി യോഗം പ്രസിഡന്റ് ഡോ. കെ. സോമന്റെ മൊഴിയും പോലീസ് എടുത്തേക്കും.
മഹേശൻ മരിക്കുന്നതിനുമുന്പ് എഴുതിയ 32 പേജുള്ള ആത്മഹത്യാകുറിപ്പിൽ വെള്ളാപ്പള്ളി നടേശന്റെയും കുടുംബത്തിന്റെയും നിയമവിരുദ്ധമായ പല കാര്യങ്ങളും വെളിപ്പെടുത്തിയിരുന്നു. അതോടൊപ്പം എസ്എൻഡിപിയിലെ ക്രമക്കേടുകളും വിശദമാക്കിയിരുന്നു.
ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, വെള്ളാപ്പള്ളിയുടെ മാനേജർ കെ.എൽ. അശോകൻ തുടങ്ങിയവരിൽ നിന്നു പോലീസ് മൊഴിയെടുത്തിരുന്നു.
ഇതിന്റെ തുടർച്ചയായി ചില വിശദാംശങ്ങൾ കൂടി ചോദിച്ചറിയാനാണ് ഡോ. കെ. സോമന്റെ മൊഴിയെടുക്കുന്നത്. വിവിധ മൊഴികൾ തമ്മിലുള്ള പൊരുത്തം ഉൾപ്പെടെ സൂഷ്മ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. എന്തെങ്കിലും സംശയം വന്നാൽ മൊഴിയെടുത്തവരെ വീണ്ടും പോലീസ് കാണും.
സംഭവവുമായി ബന്ധപ്പെട്ട് 60തോളം പേരുടെ മൊഴി പോലീസ് എടുത്തിട്ടുണ്ട്. അതേസമയം ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തെ ചുമതല ഏൽപ്പിക്കണമെന്നുമാണ് മഹേശന്റെ കുടുംബത്തിന്റെ ആവശ്യം.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും, സി പിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും പരാതി നൽകും.