ചേർത്തല: എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശന്റെ ജീവത്യാഗം സംബന്ധിച്ച് രാഷ്ട്രീയ, സാസ്കാരിക കേരളം പ്രതികരിക്കണമെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ.
ഇന്നലെ കണിച്ചുകുളങ്ങരയിലെ കെ.കെ. മഹേശന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയപാർട്ടികൾ നീതിക്കുവേണ്ടിയും ജനനന്മയ് ക്കുവേണ്ടിയും നിലകൊള്ളുന്നവരാണ്. മഹേശന്റെ മരണത്തെക്കുറിച്ച് നീതിപൂർവമായ അന്വേഷണത്തിനു രാഷ്ട്രീയ, സാംസ് കാരിക കേരളം ഇടപെടണം.
മഹേശന്റെ ജീവത്യാഗത്തിനു പ്രധാന ഉത്തരവാദികളായിട്ടുള്ള വെള്ളാപ്പള്ളിക്കെതിരേയും നടപടി സ്വീകരിച്ച് നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണെന്നു തെളിയിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. തന്റെ പദവി ദുരുപയോഗപ്പെടുത്തി എല്ലാവരെയും കബളിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ വലയിൽ രാഷ്ട്രീയക്കാർ കുടുങ്ങരുത്.
മഹേശന്റെ മരണം വഴിതിരിച്ചുവിടാൻ സംഘടിത നീക്കങ്ങൾ നടക്കുന്നുണ്ട്. മരണം സംബന്ധിച്ച് പോലീസിലെ മികച്ച ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം അന്വേഷിക്കണം. ഇപ്പോൾ മഹേശനെ മോശക്കാരനാക്കാനും കുറ്റാരോപിതനാക്കാനും ശ്രമം നടക്കുന്നെന്ന മഹേശന്റെ കുടുംബത്തിന്റെ പരാതിയും അന്വേഷിക്കണം.
മഹേശൻ മാനസിക പീഡനം അനുഭവിക്കുന്നെന്ന് അറിയിച്ച് മരിക്കുന്നിനു ഒരുമാസം മുന്പ് ഉത്തരവാദിത്വപ്പെട്ടവർക്ക് കത്തും നൽകിയിരുന്നു. പീഡനം തുടർന്നാൽ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും സൂചിപ്പിച്ചിരുന്നു.
എങ്കിലും അവ പരിഹരിക്കാനോ ആശ്വസിപ്പിക്കാനോ ഉത്തരവാദിത്വപ്പെട്ടവർ തയാറായില്ലെന്നും സുധീരൻ പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, ഡിസിസി പ്രസിഡന്റ് എം. ലിജു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.