ചേർത്തല: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പോലീസ് ചോദ്യം ചെയ്തു.
വെള്ളിയാഴ്ച കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിൽ മാരാരിക്കുളം സ്റ്റേഷൻ ഓഫീസർ എസ്.രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചോദ്യം ചെയ്തത്. വൈകുന്നേരം നാലോടെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി എട്ടരയോടെയാണ് അവസാനിച്ചത്.
കെ.കെ. മഹേശന്റെ ആത്മഹത്യക്കുറിപ്പിൽ വെള്ളാപ്പള്ളി നടേശന്റെയും അദ്ദേഹത്തിന്റെ മാനേജർ കെ.എൽ. അശോകന്റെയും പേരുകൾ പരാമർശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെ.എൽ. അശോകനെ പോലീസ് ചോദ്യം ചെയ്തിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ഇന്നലെ വെള്ളാപ്പള്ളിയെ പോലീസ് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നൂറോളം കാര്യങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക ചോദ്യാവലിയുമായാണ് പോലീസ് വെള്ളാപ്പള്ളിയുടെ വസതിയിലെത്തിയത്.
മഹേശന്റെ കത്തുകളിലും ഡയറിക്കുറിപ്പുകളിലും പറയുന്ന സാന്പത്തിക തിരിമറി, മാനസിക പീഡനം എന്നിവയെക്കുറിച്ച് പോലീസ് വെള്ളാപ്പള്ളിയോട് ചോദിച്ചറിഞ്ഞു. എന്നാൽ കുടുംബം ഉന്നയിച്ച ആരോപണങ്ങളുൾപ്പെടെ എല്ലാം വെള്ളാപ്പള്ളി നിഷേധിച്ചു.
മഹേശൻ തന്റെ വിശ്വസ്തനായിരുന്നുവെന്നും നല്ല ബന്ധമായിരുന്നു എന്നുമാണ് വെള്ളാപ്പള്ളി മറുപടി നൽകിയത്. വെള്ളാപ്പള്ളിയുടെ സഹായി കെ.എൽ. അശോകന്റെ മൊഴി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പോലീസ് എടുത്തിരുന്നു.
കൂടാതെ ഇതുമായി ബന്ധപ്പെട്ട് 60 ലധികം പേരുടെ മൊഴികളും പോലീസ് ശേഖരിച്ചു. ഇവയെല്ലാം ഒത്തുനോക്കിയ ശേഷമാകും പോലീസ് തുടർനടപടികൾ സ്വീകരിക്കുക.
അതേസമയം വെള്ളാപ്പള്ളിക്കും സഹായി കെ.എൽ. അശോകനും എതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്താൻ ഇനിയും തെളിവുകൾ വേണമെന്ന നിലപാടിലാണു പോലീസ്. പ്രത്യക്ഷത്തിൽ ഇവർക്ക് ഇക്കാര്യത്തിൽ പങ്കുണ്ടെന്നു തെളിഞ്ഞാൽ മാത്രമേ ഇവർക്കെതിരെ കേസെടുക്കാൻ കഴിയുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.