നടൻ മഹേഷ് ബാബുവിന് തീരാത്ത ദു:ഖമാണ് 2022 നൽകിയത്. ഉറ്റവരെയെല്ലാം തിരികെ വിളിച്ച വർഷം. ജനുവരി എട്ടിനാണ് അദ്ദേഹത്തിന്റെ സഹോദരൻ രമേഷ് ബാബു(56) അന്തരിച്ചത്.
ദീർഘനാളുകളായി രോഗബാധിതനായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ മഹേഷ് ബാബുവിനായില്ല. താരത്തിന് ആ സമയം കോവിഡ് ബാധിച്ചിരുന്നു.
എന്റെ ശക്തിയും പ്രചോദനവും ധൈര്യവുമൊക്കെ നിങ്ങളായിരുന്നു. നീ എന്റെ എല്ലാം ആയിരുന്നു.
നീ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇന്നായിരിക്കുന്നതിന്റെ പകുതി പോലും ആകുമായിരുന്നില്ല. നിങ്ങൾ എനിക്കായി ചെയ്ത എല്ലാത്തിനും നന്ദി.
ഇനി വിശ്രമിക്കൂ…വിശ്രമിക്കൂ… ഇനിയൊരു ജന്മം ഉണ്ടെങ്കിലും നീ എനിക്ക് എന്റെ അണ്ണായാ ആയിരിക്കും. എന്നേക്കും എന്നെന്നേക്കും നിന്നെ ഞാൻ സ്നേഹിക്കുന്നു.
സഹോദരന്റെ വിയോഗം തീർത്ത മുറിവിൽ നിന്നും മഹേഷ് ബാബു കുറിച്ച വരികളാണിത്.
ഒൻപത് മാസങ്ങൾക്കിപ്പുറം സെപ്റ്റംബർ 28ന് മഹേഷിന്റെ അമ്മ ഇന്ദിര ദേവിയും വിട പറഞ്ഞു.
സങ്കടം തീർത്ത മുഖവുമായി ഒരു വശത്തേക്ക് മാറിയിരിക്കുന്ന മഹേഷ് ബാബുവിന്റെ ചിത്രങ്ങൾ ആരാധകരെയും കണ്ണീരിലാഴ്ത്തിയിരുന്നു.
ശേഷം രണ്ടു മാസത്തിനിപ്പുറം അച്ഛനും കന്നട സിനിമയിലെ സൂപ്പർ താരവുമായിരുന്ന കൃഷ്ണയും വിട വാങ്ങിയിരിക്കുന്നു.
ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കൃഷ്ണ.
തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയും ചൊവ്വാഴ്ച രാവിലെ നാലോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു.