ചേർത്തല: വെള്ളാപ്പള്ളിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന കെ.കെ. മഹേശൻ മരണത്തിനു മുന്നേ എഴുതിവച്ച കത്തുകളിൽ വെള്ളാപ്പള്ളി നടേശനെതിരേ പരാമർശങ്ങൾ.
32 പേജിലായാണ് കുറിപ്പുകൾ. വിവിധ ഇടപാടുകളും ബെനാമി ഇടപാടുകളുമടക്കം അക്കമിട്ട് നിരത്തുന്നതാണ് കത്തുകൾ. മഹേശൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിക്കും ക്രൈംബ്രാഞ്ച് സിഐക്കുമാണ് കത്തുകൾ എഴുതിയിരിക്കുന്നത്.
യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായി ഗുരുതര ആരോപണങ്ങളാണ് കത്തുകളിൽ ഉന്നയിച്ചിരിക്കുന്നത്. കേസിൽ കുടുക്കിയാൽ ആത്മഹത്യ ചെയ്യുമെന്നു കത്തിൽ പരാമർശമുണ്ട്.
ജനറൽ സെക്രട്ടറിക്കു തന്നോടു ശത്രുതയുണ്ടെന്നും മൈക്രോഫിനാൻസ് കേസിൽ തന്നെ കുടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും 37 ലക്ഷത്തിലധികം രൂപ യൂണിയനിലേക്കു ജനറൽ സെക്രട്ടറി നൽകാനുണ്ടെന്നും കത്തിൽ പറയുന്നു.
ഫെഡറൽ ബാങ്കിൽനിന്നു വായ്പയെടുത്തു വരവുവച്ച ഈ തുക വെള്ളാപ്പള്ളി തിരിച്ചടയ്ക്കണം. ഇല്ലെങ്കിൽ തന്റെ കുടുംബം ജപ്തി നേരിടേണ്ടി വരുമെന്നും കത്തിലുണ്ട്. കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച യൂണിയൻ നേതാക്കൾക്കു ജീവൻ സമർപ്പിക്കുന്നുവെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്.
മൈക്രോ ഫിനാൻസ്, സ്കൂൾ നിയമനം തുടങ്ങിയവയുമായി ബന്ധപ്പെട്ടു നിരവധി കേസുകളിൽ മഹേശൻ ഉൾപ്പെട്ടിരുന്നു. മൈക്രോഫിനാൻസ് സംസ്ഥാന കോ-ഓർഡിനേറ്ററായ മഹേശനെ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് മൊഴിയുമെടുത്തിരുന്നു. നിലവിൽ 21 കേസുകൾ മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
വെള്ളാപ്പള്ളി അബ്കാരി മേഖലയിൽ പ്രവർത്തിക്കുന്പോൾ മുതൽ സഹായി ആയി ഉള്ളയാളാണ് മഹേശൻ. താൻ ബെനാമിയായി പ്രവർത്തിച്ചതടക്കം കത്തുകളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട് .
എസ്എൻ ട്രസ്റ്റിന്റെ കോളജ് അഴിമതിക്കേസിൽ അന്വേഷണം നേരിടുന്ന വെള്ളാപ്പള്ളിക്ക് ഈ കത്തുകൾ തിരിച്ചടിയായേക്കും. കഴിഞ്ഞ ദിവസം ഈ അഴിമതിയുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിൽ കേസ് വന്നപ്പോൾ വിശദീകരണത്തിനു സംസ്ഥാന സർക്കാർ രണ്ടാഴ്ചത്തെ സമയം ചോദിച്ചിരുന്നു.
സമുദായ രംഗത്തും സാംസ്കാരിക രംഗത്തും കുടുംബ ജീവിതത്തിലും നല്ല രീതിയിൽ പോകുന്നതുതന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചാൽ അതു സൃഷ്ടിക്കുന്ന ദുരന്തത്തിന് ഉത്തരം പറയേണ്ടി വരും. അതു കാലം തെളിയിക്കുമെന്നും കുറിപ്പിൽ പറയുന്നു.
ആലപ്പുഴ ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ. സന്തോഷ് കുമാറിന് എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്റെ ലെറ്റർ ഹെഡിലാണ് മഹേശൻ കുറിപ്പ് എഴുതിയത്.
മൂന്നാം തീയതി മാവേലിക്കര യൂണിയൻ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വഷണവുമായി ബന്ധപ്പെട്ട് രാവിലെ 10 മുതൽ രണ്ടുവരെ ചോദ്യം ചെയ്തിരുന്നു.
അന്നു രേഖപ്പെടുത്തിയ മൊഴിയിൽ എസ്പിയെ കണ്ടതിനു ശേഷം ഒപ്പിട്ടാൽ മതിയെന്നും പറഞ്ഞാണ് വിട്ടത്. തുടർന്ന് ഒന്പതിനു വീണ്ടും വിളിച്ചു ചോദ്യംചെയ്തു. ഇതിൽ അറിയാത്ത കാര്യങ്ങളും ചെയ്യാത്ത കാര്യങ്ങളും തന്നെക്കൊണ്ടു സമ്മതിപ്പിച്ചെന്നും കത്തിൽ പറയുന്നുണ്ട്.
അതേസമയം, കെ.കെ. മഹേശന്റെ അകാല വേർപാട് അത്യന്തം ദുഃഖകരമാണെന്നു ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഞെട്ടലോടെയാണ് ഈ വാർത്ത എസ്എൻഡിപി യോഗം നേതാക്കളും പ്രവർത്തകരും അറിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട ആത്മഹത്യാകുറിപ്പും പലവിധ ചർച്ചകളും നടക്കുന്ന സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തി യഥാർഥ വസ്തുത പുറത്തുകൊണ്ടുവരണമെന്ന് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.