മാഹി: മാഹി ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തസ്തികയിൽ ആളില്ലാതെയായിട്ട് നാലര മാസത്തോളമായി.
ഈ വർഷം ആദ്യം മുതൽ ആഴ്ച്ചയിൽ ഒരു ദിവസമായിരുന്നു വെഹിക്കിൾ ഇൻസ്പെക്ടർ പുതുച്ചേരി മോട്ടോർ വാഹന വകുപ്പിൽ നിന്നും എത്തി ചാർജ് എടുക്കാറ്.
എന്നാൽ മാർച്ച് 23ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ആഴ്ച്ചയിൽ ഒരു ദിവസം ഡ്യൂട്ടിയ്ക്ക് എത്താറുള്ള ഓഫീസറും വരാതായതോടെ മാഹി ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിൽ നാഥനില്ലാത്ത അവസ്ഥയാണ്. വാഹന രജിസ്ട്രേഷൻ മുതൽ എല്ലാ പ്രവർത്തനങ്ങളും നിർത്തി വച്ചിരിക്കുകയാണ്.
അപകടം സംഭവിച്ച വാഹനങ്ങൾ വിവിധ പോലീസ് സ്റ്റേഷനു സമീപം പാതയോരത്ത് വെയിലും മഴയും ഏറ്റ് തുരുമ്പെടുക്കുവാൻ തുടങ്ങിയിരിക്കുകയാണ്. എഫ്ഐആർ ചുമത്തിയ അപകടത്തിൽപെട്ട വാഹന ഉടമകൾ നിത്യേന പോലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ്.
ലൈസൻസ് പുതുക്കലിന് സമയം സെപ്റ്റംബർ 30 വരെ പിഴയില്ലാതെ അടയ്ക്കുവാൻ ദീർഘിപ്പിച്ചു കൊടുത്തതാണ് ഏക ആശ്വാസം. മാഹിയിൽ ഒട്ടേറെ വകുപ്പുകളിൽ തലവന്മാർ ഇല്ലാത്ത അവസ്ഥയാണ്.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ് ഇൻസ്പെക്ടർ ഓഫ് ലേബർ, സോഷ്യൽ വെൽഫെയർ അസി.ഡയറക്ടർ എന്നീ തസ്തികളിലും ഓഫീസർമാരില്ല.