മാഹി: ക്ലാസ്മുറിയുടെ ചുമർ കാൻവാസാക്കി രണ്ടു വർഷംകൊണ്ട് വിദ്യാർഥികൾ രചന പൂർത്തിയാക്കിയപ്പോൾ ഉത്തരകേരളത്തിലെ ഏറ്റവും വലിയ ചുമർചിത്രം മാഹി കലാഗ്രാമത്തിനു സ്വന്തം. പൂർണമായും കേരളീയപാരന്പര്യ ചുമർചിത്രരചനാശൈലിയിലുള്ളതാണ് പുരാണകഥ പ്രമേയമാക്കിയുള്ള ഈ ചുമർചിത്രം.
ക്ലാസ് മുറികളായി ഉപയോഗിക്കുന്ന ഹാളിന്റെ 12 മീറ്റർ നീളവും മൂന്നരമീറ്റർ വീതിയുമുള്ള ചുമരിലാണ് പുരാണത്തിലെ പാലാഴിമഥനം ചുമർചിത്രമായി വിരിഞ്ഞത്.അക്രിലിക് മാധ്യമത്തിൽ 17 വിദ്യാർഥികളുടെ കൂട്ടായ്മയാണ് ഇതിനുപിന്നിൽ. മന്ഥര പർവതത്തെ കടകോലാക്കി വാസുകി സർപ്പത്തെ കയറാക്കി ഒരുവശത്ത് ദേവൻമാരും മറുവശത്ത് അസുരൻമാരും അമൃതിനുവേണ്ടി പാലാഴി മഥനം ചെയ്യുന്നതാണ് ഇതിവൃത്തം.
പാലാഴി മഥനം വീക്ഷിക്കാനെത്തിയ സർവ ദൈവങ്ങളും മഥനത്തിന് അനുഗ്രഹം ചൊരിയുന്നതും ആലേഖനം ചെയ്തിട്ടുണ്ട്. പാലാഴിയിലെ ജലജീവികളെ കൂടാതെ മന്ഥര പർവതത്തിൽ വസിക്കുന്ന വിവിധ വന്യജീവികളുടെ ജീവിതവും ചിത്രത്തിലൂടെ വിവരിക്കുന്നു. വീരാളിപ്പട്ടുകൾ, മഷിപ്പൂവുകൾ, വ്യാളിലതകൾ എന്നിവ ചിത്രത്തിന് മാറ്റുകൂട്ടുന്നുണ്ട്.
ക്ഷേത്രങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന കേരളീയ ചുമർചിത്രകല കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് കലാഗ്രാമത്തിൽ ഇത്തരമൊരു ചുമർചിത്രം ഒരുക്കിയത്. ക്ഷേത്ര ചുമർചിത്രങ്ങളെക്കുറിച്ച് പഠിക്കുന്നവർക്കും ക്ഷേത്രങ്ങളിലെത്തി പഠിക്കാൻ സാധിക്കാത്തവർക്കും കലാഗ്രാമത്തിൽനിന്ന് പ ഠിക്കുകയും സംശയദൂരീകരണം നടത്തുകയും ചെയ്യാം.
ചുമർചിത്രകല അധ്യാപകനായ പി. നിബിൻ രാജിന്റെ നേതൃത്വത്തിൽ രാഹുൽ, ധന്യ, ജയശ്രീ, റീന, മനോജ്, ഷീജ, ബിജിത, സിൽന, അർജുൻ, ദേവപ്രിയ, സുധീപ്, പ്രജോഷ്, ധന്യ അജയ്, കൃഷ്ണൻ, പ്രിയ, ഗംഗാധരൻ, ഷാനി എന്നിവരാണ് ചിത്രമൊരുക്കിയത്.