മാഹി: മാഹിയിൽ ആധാരം അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടാൽ തമിഴ്, ഇംഗ്ലീഷ് പത്രങ്ങളിൽ പരസ്യം ചെയ്യണമെന്ന മാഹി സബ് രജിസ്ട്രാറുടെ നിലപാട് പൊതുജനങ്ങൾക്ക് വിനയായി.
തമിഴ്നാടിന്റെ രീതി അവലംബിച്ചാണ് മലയാളം സംസാരിക്കുന്ന മാഹിയിൽ അടുത്തിടെ ചുമതലയേറ്റ മലയാളിയായ സബ് രജിസ്ട്രാർ പുതിയ നിബന്ധന കൊണ്ടുവന്നത്.
ഇതേത്തുടർന്ന് നിരവധിപ്പേർ രേഖകൾ പുതുക്കിക്കിട്ടാതെ വലയുകയാണ്.ദശകങ്ങളായി മാതൃഭാഷയിലെ പത്രങ്ങളിലാണ് പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ പരസ്യം നൽകി വന്നിരുന്നത്.
എന്നാൽ പുതുച്ചേരിയിൽ ഇംഗ്ലീഷിലും തമിഴിലുമാണ് പരസ്യം നൽകിയിരുന്നത്. അതേ രീതി തന്നെ മലയാളം സംസാരിക്കുന്ന മാഹിയിലും നടപ്പിലാക്കാനാണ് പുതുതായി വന്ന സബ് – രജിസ്ട്രാർ ശ്രമിക്കുന്നത്.
അസൽ രേഖ നഷ്ടപ്പെട്ട് പോയാൽ മലയാള പത്രപരസ്യവും കൈവശാവകാശ സർട്ടിഫിക്കറ്റുമാണ് ഇക്കാലമത്രയും ആവശ്യമായിരുന്നുള്ളൂ.
ഇപ്പോൾ പോലീസിന്റെ മിസിംഗ് സർട്ടിഫിക്കറ്റ് കൂടി വേണം. എന്നാൽ, മിസിംഗ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ തമിഴ്, ഇംഗ്ലീഷ് പത്രങ്ങളിൽ പരസ്യം നൽകണമെന്ന് പോലീസ് നിർദേശിച്ചിട്ടില്ലെന്ന് എസ്.പി. രാജശങ്കർ വെള്ളാട്ട് അറിയിച്ചു.