മാഹി: മഴയും കാറ്റും ശക്തമായതോടെ മാഹി മേഖലയിൽ വൈദ്യുതി ലൈനിനു മുകളിൽ മരങ്ങൾ പൊട്ടിവീഴുന്നതും വൈദ്യുതി തൂണുകൾ തകരുന്നതും പതിവായി. മാഹി ടൗണിനെ അപേക്ഷിച്ച് പള്ളൂർ മേഖലയിലാണ് അപകടങ്ങൾ പെരുകുന്നത്. മരങ്ങൾ റോഡരികിൽ വൈദ്യുതിലൈനിൽ മുട്ടിനിൽക്കുന്ന അവസ്ഥയിലാണ്.
ചില വൈദ്യുതി തൂണുകളുടെ അടിഭാഗം ദ്രവിച്ചു നിൽക്കുകയാണ്. മാറ്റിയിടണമെങ്കിൽ വൈദ്യുതി തൂണുകൾ പുതുച്ചേരിയിൽ നിന്ന് എത്തിക്കണം. മരങ്ങൾ പൊട്ടിവീഴുമ്പോൾ മുറിച്ചുനീക്കുവാൻ കരാറുകാരും മാഹിയിൽ ഇല്ല. മരങ്ങൾ ലൈനിനു മുകളിൽ വീണാൽ നാട്ടുകാരോടും സ്ഥലം ഉടമയോടും സ്വന്തം ചെലവിൽ മുറിച്ചുമാറ്റുവാനാണ് വൈദ്യുത ബോർഡിന്റെ ഉത്തരവ്. ചില സന്ദർഭങ്ങളിൽ മാഹി അഗ്നിരക്ഷാ സേനയും മരങ്ങൾ വെട്ടിമാറ്റും.
മാഹി വൈദ്യുതി ബോർഡിൽ ഏഴു ജൂണിയർ എൻജിനിയർമാർ വേണ്ടിടത്ത് രണ്ട് എൻജിനിയർമാരാണുള്ളത്. പള്ളൂർ സബ് സ്റ്റേഷനിൽ തന്നെ നാലു ജെഇമാരുടെ സേവനം ആവശ്യമുണ്ട്. ആവശ്യത്തിന് വാഹനവും ഇല്ല. ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കാൻ തുരുമ്പുപിടിച്ച ഒരു ജീപ്പാണുള്ളത്.
ഇതും തള്ളി സ്റ്റാർട്ട് ചെയ്യണം. അപകടാവസ്ഥയിലായ സർക്കാർ വാഹനത്തിൽ ഭയംകാരണം അസിസ്റ്റന്റ് എൻജിനിയറോ മറ്റു ഉദ്യോഗസ്ഥരോ കയറാറില്ല. സാമഗ്രികൾ എത്തിക്കാൻ വേണ്ടി മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. ചാലക്കര കയറ്റം കയറണമെങ്കിൽ ജീപ്പിൽ യാത്ര ചെയ്യുന്ന ഫീൽഡ് ജീവനക്കാർ ഇറങ്ങി തള്ളണം. ഉദ്യോഗസ്ഥർ ഔദ്യോഗിക ആവശ്യത്തിന് സ്വന്തം വാഹനമാണ് ഉപയോഗിക്കുന്നത്.
50,000 ഉപഭോക്താക്കളാണ് സെക്ഷന്റെ കീഴിലുള്ളത്. ഫോൺ ഡ്യൂട്ടിക്കും ആളില്ല. സുരക്ഷാ ഉപകരണങ്ങളും പരിമിതമാണ്. കഴിഞ്ഞ ദിവസം പന്തക്കലിൽ പൊട്ടിവീണ കമ്പിയിൽ ചവിട്ടി ഒരു യുവാവിന് ഷോക്കേറ്റിരുന്നു. അപകടവിവരങ്ങൾ പെട്ടെന്ന് അധികൃതരെ അറിയിക്കുവാൻ നാട്ടുകാർക്ക് കഴിയാത്തതാണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നത്. പലരും പോലിസ് സ്റ്റേഷനുകളിലാണ് അപകടവിവരം അറിയിക്കുന്നത്. കൺട്രോൾ റൂം തുറക്കണമെന്നാവശ്യം നാട്ടുകാർക്കിടയിൽ ശക്തമാകുകയാണ്.