വടകര: വടകര-മാഹി കനാല്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ ഉറപ്പു നല്കി. കനാല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ല അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിനു മറുപടി നല്‍കവേയാണ് മുഖ്യമന്ത്രി ഇതു സംബന്ധമായ ഉറപ്പു നല്‍കിയത്.
പദ്ധതി പൂര്‍ണതോതില്‍ സാധ്യമാകണമെങ്കില്‍ ഇനിയും ഏകദേശം 300 കോടിയുടെ പ്രവൃത്തി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും 32 ഹെക്ടറിലധികം ഭൂമി ഏറ്റെടുക്കേണ്ടതായിട്ടുണ്ടെന്നും ശ്രദ്ധക്ഷണിക്കലില്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. പദ്ധതിക്കായി കുഴിച്ചെടുത്ത ഉപയോഗശൂന്യമായ മണ്ണ് മല പോലെ വഴിയോരങ്ങളിലും വീടുകളുടെ മുന്നിലുമായി കൂട്ടിയിട്ടിരിക്കുകയാണ്. ഇത് എന്ത് ചെയ്യണമെന്നതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കോ കരാറുകാര്‍ക്കോ നിശ്ചയമില്ല.
കൂടാതെ വന്‍തോതില്‍ കൃഷിനാശം സംഭവിക്കുന്നു. സമീപവാസികള്‍ കടുത്ത പ്രയാസമനുഭവിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കൂളുകളിലും കോളജുകളിലും പോകുന്ന വിദ്യാര്‍ത്ഥികളും ആശുപത്രിയിലും മറ്റും പോകുന്ന രോഗികളുമെല്ലാം കടുത്ത ബുദ്ധിമുട്ടിലാണ്.
ഇത് കൂടാതെ 16 കിലോമീറ്റര്‍ അകലെയുള്ള പുഴയിലെ ഉപ്പുവെള്ളം കയറി വീടുകളിലെ കിണറുകള്‍ ഉപയോഗശൂന്യമാകുകയും വറ്റിവരളുകയും ചെയ്യുന്ന സ്ഥിതിയുമുണ്ട്. വീടുകളുടെ ചുമരുകള്‍ വിണ്ടു കീറുന്നു. ഇവിടെ ജനജീവിതം ആകെ ദുസ്സഹമാവുകയാണ്. ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ശ്രദ്ധക്ഷണിക്കല്‍ അവതരണവേളയില്‍ എംഎല്‍എ ആവശ്യപ്പെട്ടു.
ശേഷിക്കുന്ന പ്രവൃത്തി ഒറ്റ പാക്കേജായി സമയപരിധി നിശ്ചയിച്ച് പ്രവര്‍ത്തനമികവ് തെളിയിച്ച ഏതെങ്കിലും ഏജന്‍സിയെ ഏല്പിച്ച് പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഈ പദ്ധതിയുടെ മേല്‍നോട്ടത്തിന് വടകര കേന്ദ്രമായി ഇന്‍ലാന്‍ഡ് നാവിഗേഷന്റെ ഓഫീസ് ആരംഭിക്കണമെന്ന പാറക്കലിന്റെ ആവശ്യത്തിനും മുഖ്യമന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്.