മാഹി: മാഹി മേഖലയിൽ അമിത മദ്യപാനം കാരണം മദ്യശാലകൾക്ക് മുൻപിൽ ഒരു മാസത്തിനിടയിൽ മരിച്ചു വീണത് അഞ്ചുപേർ. ബുധനാഴ്ച്ച രാത്രി കൂത്തുപറമ്പ് സ്വദേശിയായ രതീശൻ മാക്കുനിയിലെ ബാറിന് മുന്നിൽ കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞയാഴ്ച്ച മാഹി കെ.ടി.സി.പെട്രോൾ പമ്പിന് മുന്നിൽ കന്യാകുമാരി സ്വദേശിയായ വിനയൻ എന്നയാളെയും മരിച്ച നിലയിൽ കണ്ടെത്തി.
ഇവരുടെ രണ്ടു പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ എത്തി ഏറ്റുവാങ്ങിയത് ഒഴിച്ചാൽ 3 അജ്ഞാത മൃതദേഹങ്ങൾ പോലീസ് തന്നെ മറവ് ചെയ്തു. മാക്കുനി പൊന്ന്യം പുഴയോര നടപ്പാതയിൽ ഒരാളെ കഴിഞ്ഞ മാസം ആദ്യം മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാഴ്ച്ച മുന്പ് ഇടവിട്ട ദിവസങ്ങളിലായി മാഹി റെയിൽവെ സ്റ്റേഷൻ റോഡിൽ മദ്യശാലയ്ക്കരികിൽ പാതയോരത്ത് രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
ഒരാൾ മാസങ്ങളായി മാഹി റെയിൽവെ സ്റ്റേഷൻ പരിസരത്ത് തമ്പടിച്ച് സ്ഥിരം മദ്യപാനം ശീലമാക്കിയ ഹിന്ദി സംസാരിക്കുന്ന ആളായിരുന്നു.ഇയാളുടെ മൃതദേഹത്തിന് ബന്ധുക്കൾ എത്തിയിരുന്നില്ല തൊട്ടടുത്ത ദിവസം റെയിൽവെ സ്റ്റേഷൻ റോഡിൽ തന്നെ തമിഴ്നാട് സ്വദേശിയെന്ന് കരുതുന്ന മധ്യവയസ്കനെ വായിൽ നിന്ന് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതും അജ്ഞാത മൃതദേഹത്തിൽപെടുത്തി പോലീസ് തന്നെ മറവ് ചെയ്തു.
മാഹിയിൽ ഉടു തുണിയില്ലാതെ മദ്യലഹരിയിൽ തെരുവുകളിൽ മയങ്ങി വീഴുകയും മരണപ്പെടുകയും ചെയുന്നത് വീണ്ടും വർദ്ധിച്ചതോടെ മാഹി ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരം മാഹി ലിക്കർ അസോസിയേഷൻ തന്നെ ഒരു വാഹനം ഏർപ്പാടാക്കിയിരിക്കുകയാണ്.പോലീസ് വിളിക്കുമ്പോൾ എത്തി ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഉടൻ വാഹനം എത്തി പാതയോരത്ത് നിന്ന് ആൾക്കാരെ എടുത്ത് ആശുപത്രിയിൽ എത്തിക്കേണ്ടതായിരുന്നു.
എന്നാൽ ഒരു മാസം മുന്പേ മാഹിയിലെ റോഡിൽ ഇറങ്ങിയ വണ്ടി ഡ്രൈവറുടെ ഫോണിൽ ബന്ധപ്പെട്ടാൽ സ്ഥലത്തില്ല എന്നാണ് നാട്ടുകാരും പോലീസും പറയുന്നത്. ബുധനാഴ്ച്ച രാത്രി മാക്കുനിയിൽ മരിച്ച കൂത്തുപറമ്പ് സ്വദേശിയെ കൊണ്ടു പോകുവാൻ പന്തക്കൽ പോലീസും മാഹി ലിക്കർ അസോസിയേഷൻ ഏർപ്പാടാക്കിയ വണ്ടി ഡ്രൈവറെ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് മാഹി ആശുപത്രിയിലെ അംബുലൻസിനും പോലീസ് വിളിച്ചു.
അതും കിട്ടിയില്ല. ഉടൻ അതുവഴി കടന്നു പോകുന്ന ഒരു ആപ്പേ ഓട്ടോറിക്ഷ കൈകാട്ടി പോലീസ് നിർത്തി മൃതദേഹം ഓട്ടോയുടെ ഡിക്കിയിൽ തിരുകി കയറ്റിയാണ് മാഹി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇത് മാക്കുനിയിലുള്ള നാട്ടുകാരും പോലീസുമായി വാക്ക് തർക്കവും ഉണ്ടായി.
എന്നാൽ ഡോക്ടറാണ് മരിച്ചത് സ്ഥിരികരിക്കേണ്ടതെന്നും മറ്റു വാഹനങ്ങൾ കിട്ടാത്തതിലാണ് ഓട്ടോയിൽ കൊണ്ടുപോയതെന്ന് പോലീസും പറയുന്നു. മാഹി ജനറൽ ആശുപത്രിയിൽ ബന്ധപ്പെട്ടപ്പോൾ ഇയാൾ ആശുപത്രിയിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപെ മരിച്ചതായും അറിഞ്ഞു.