സ്വന്തം ലേഖകൻ
ചേറ്റുവ: അന്പതു ലക്ഷം രൂപ വിലവരുന്ന 3600 ലിറ്റർ അനധികൃത വിദേശ മദ്യവുമായി രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു.
തിരുവനന്തപുരം കഴക്കൂട്ടം ആറ്റിപ്പാറ ആറ്റിൻകുഴി വിജയമ്മ ടവറിൽ കൃഷ്ണപ്രകാശ് (24), കൊല്ലം കല്ലുവാതുക്കൽ നടയ്ക്കൽ കൗസ്തുഭം വീട്ടിൽ സജി(51) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ഓണം ആഘോഷങ്ങളോടനുബന്ധിച്ച് ചില്ലറ വില്പനക്കായി മാഹിയിൽ നിന്നും കൊണ്ടുവന്നതാണ് മദ്യമെന്ന് പിടിയിലായവർ പോലീസിനോടു പറഞ്ഞു. പാൽ വണ്ടിയിലായിരുന്നു ഇവർ മദ്യം കടത്തിയിരുന്നത്.
വിവിധ ബ്രാൻഡുകളിലുള്ളതാണ് മദ്യം. സംസ്ഥാനത്ത് അടുത്തിടെ പോലീസ് നടത്തിയ വലിയ അനധികൃത വിദേശ മദ്യവേട്ടകളിലൊന്നാണ് ചേറ്റുവയിലേത്.
മദ്യത്തിന്റെ ഉറവിടത്തെക്കുറിച്ചും ഇവർക്ക് സാന്പത്തിക സഹായം നൽകുന്നവരെക്കുറിച്ചും മദ്യം വാങ്ങിവിൽക്കുന്നവരെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരികയാണ്.
കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്കുള്ള മദ്യമാണ് പ്രതികൾ എത്തിച്ചിരുന്നതെന്നാണ് സൂചന.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോണ്ഗ്രെക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് ശങ്കറിന്റെ നേതൃത്വത്തിൽ വാടാനപ്പള്ളി ഐഎസ്എച്ച്ഒ സനീഷ്, എസ്ഐ വിവേക് നാരായണൻ, കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ്ഐ പി.സി.സുനിൽ, എ.എസ്.ഐമാരായ സി.ആർ.പ്രദീപ്, എ.പി.ഫ്രാൻസിസ്, സീനിയർ സിപിഒമാരായ സൂരജ്.വി.ദേവ്, ലിജു ഇയ്യാനി, മിഥുൻ കൃഷ്ണ, ജ്യോതിഷ് കുമാർ, സിപിഒമാരായ അരുണ് നാഥ്, നിഷാന്ത്, ഷിജിത്ത്, അഖിലേഷ്, അനുരാജ്, എന്നിവർ ചേർന്ന പോലീസ് സംഘവും തൃശൂർ റൂറൽ ഡാൻസാഫ് ടീമും ചേർന്നാണ് മദ്യം പിടികൂടിയത്.പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും പിടിച്ചെടുത്തു.