നാദാപുരം: കോട്ടയത്തേക്ക് വിൽപനക്കായി കടത്തുകയായിരുന്ന ഇരുപത് കുപ്പി മാഹി മദ്യവുമായി പിടിയിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. കോട്ടയം മേലാട്ട് വീട്ടിൽ അജയകുമാർ (50) നെയാണ് നാദാപുരം കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. നാദാപുരം എക്സൈസ് സംഘം തൂണേരിയിൽ നടത്തിയ വാഹനപരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.
ഇയാൾ മാഹിയിൽ നിന്നും വൻ തോതിൽ മദ്യംവാങ്ങി കോട്ടയത്ത് എത്തിച്ച് വില്പന നടത്തുന്ന ആളാണെന്ന് എക്സൈസ് അറിയിച്ചു. മാഹിയിൽ പലതവണകളായി എത്തി മദ്യം വാങ്ങി വടകരയിലെ ത്തിക്കുകയും പിന്നീട് തിരക്കേറിയ ട്രെയിനുകളില്‍ കയറി കോട്ടയത്ത് എത്തിച്ച് വിൽപന നടത്തുകയുമാണ് പതിവ്.
ആഴ്ചയിൽ മൂന്ന് ദിവസമായാണ് ഇയാൾ ട്രെയിനുകളില്‍ കോട്ടയത്ത് നിന്ന് മാഹിയിൽ മദ്യം കടത്തിനായി എത്തിയിരുന്നത്. എക്സൈസ് ഇൻസ്പെക്ടർ എൻ.കെ.ഷാജി, പ്രിവന്റീവ് ഓഫീസർ തറോൽ രാമചന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രമോദ് പുളിക്കൂൽ, കെ.ഷിരാജ്, കെ.കെ.ജയൻ, ടി.സനു, സി.പി.ചന്ദ്രൻ, ഡ്രൈവർ പ്രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.