തലശേരി: കാറിൽ കടത്തുകയായിരുന്ന 250 ലിറ്റർ മാഹി മദ്യവുമായി മലപ്പുറം സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ. കണ്ണൂർ എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് അട്ടപ്പാടിയിലേക്ക് കടത്താൻ ശ്രമിച്ച മാഹി മദ്യം വാഹന സഹിതം പിടികൂടിയത്.
കണ്ണൂർ എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ് കുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്.മലപ്പുറം പുതിയങ്ങാടിയിലെ ഷാജഹാൻ (49), ഏറനാട്ടെ അഷറഫ് (47), പെരിഞ്ചേരി മണ്ണിലെ റിച്ചാർഡ് (28) എന്നിവരാണ് ന്യൂ മാഹി ടോൾ ജുമാ മസ്ജിദിനു സമീപത്ത് നിന്നും അറസ്റ്റിലായത്.
കാറിന്റെ ഡിക്കിയിലും പിൻ സീറ്റിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. കെഎൽ 07 ബിഎ 8788 നന്പർ കാറും കസ്റ്റഡിയിൽ എടുത്തു.പാലക്കാടും അട്ടപ്പാടി മേഖലയിലേക്ക് മാഹി മദ്യം കടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇന്റലിജൻസ് സംഘം മദ്യക്കടത്തുകാരെ നിരീക്ഷിച്ചു വരികയായിരുന്നു.
ഇതിനു മുൻപും പ്രതികൾ മദ്യം കടത്തിയിട്ടുണ്ടെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ വ്യക്തമായി, പുതുവത്സര ക്രിസ്മസ് സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് എക്സൈസ് സംഘം ജില്ലയിൽ നടത്തുന ഏറ്റവും വലിയ മദ്യവേട്ടയാണിത്.
മറ്റു ജില്ലയിലേക്ക് മദ്യം കടത്തുന്ന സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം ശക്തമാക്കി എക്സൈസ് ഇന്റലിജൻസ് പ്രിവന്റീവ് പ്രജീഷ് കുന്നുമ്മൽ, എക്സൈസ് സ്പെഷൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ വി.കെ.ഷിബു, ജെ.ഇ.സി സ്ക്വാഡ് അംഗമായ ജലീഷ് പി.പി, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ ശ്രീകുമാർ വി.പി, ശരത് പി.ടി, ഇസ്മായിൽ കെ, എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.