പയ്യന്നൂര്‍: ഒന്നാംതിയതി മുതലാക്കാന്‍ ട്രെയിനില്‍ കൊണ്ടുവന്ന 28 കുപ്പി മാഹി മദ്യവുമായി വില്പ്പനക്കാരന് പിടിയില്‍. വെള്ളോറ പെരുമ്പടവിലെ ബെന്നിയെ(49)യാണ് ഇന്ന് പുലർച്ച 5.15 ഓടെ പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്.
ബീവറേജ് ഔട്ടലെറ്റുകള്‍ക്കും ബാറുകള്‍ക്കും ഇന്ന് അവധിയായതിനാല്‍ ഈ അവസരം മുതലാക്കാന്‍ മാഹിയില്‍നിന്നും ട്രെയിനില്‍ കൊണ്ടുന്നതായിരുന്നു മാഹി മദ്യം.പയ്യന്നൂര്‍ പഴയ ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ചുള്ള വില്‍പ്പനക്കായി മദ്യം കടത്തുന്നതിനെപറ്റി നേരത്തെ വിവരം ലഭിച്ചിരുന്നതിനാല്‍ കുറച്ചു നാളുകളായി ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
അതിനിടയിലാണ് ഇന്ന് രാവിലെ ഇയാള്‍ മദ്യവുമായി വരുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചത്. 500 മില്ലിയുടെ 28 കുപ്പികളുമായി വരികയായിരുന്ന ഇയാള്‍ സഹകരണ ആശുപത്രിക്ക് സമീപം കാത്തു നില്‍ക്കുകയായിരുന്ന പോലീസിനെ കണ്ട് അടുത്തുള്ള കെട്ടിടത്തിന്റെ മറവില്‍ മദ്യം ഒളിപ്പിക്കുകയായിരുന്നു.
ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഒളിച്ച് വെച്ചിരുന്ന മദ്യം ഇയാള്‍ പോലീസിന് കാണിച്ചുകൊടുത്തത്.പയ്യന്നൂര്‍ സ്റ്റേഷനില്‍ പുതിയതായി ചാര്‍ജെടുത്ത എസ്ഐ വി.കെ.വിജയനും സിപിഒ രാജേഷും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ പോലീസ് കോടതിയില്‍ ഹാജരാക്കും.