കോഴിക്കോട്: ഡ്രൈഡേയിലെ അനധകൃത മദ്യവില്‍പ്പനക്കെതിരേ കര്‍ശനപരിശോധനയുമായി പോലീസും എക്സൈസും രംഗത്ത്. ബീവ്റേജ് ഔട്ട്ലെറ്റുകള് തുടര്‍ച്ചയായി രണ്ടു ദിവസവും പ്രവര്‍ത്തിക്കാത്തത് കണക്കിലെടുത്ത് വ്യാപകമായി അനധികൃത മദ്യവില്പന നടക്കുന്നുണ്ടെന്ന എക്സൈസ് ഇന്റലിജന്‍സിന്റേയും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റേയും മുന്നറിയിപ്പിനെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കുന്നത്.
മാഹിയില്‍ നിന്നും മറ്റും ട്രയിന്‍മാര്‍ഗവും ബസിലും മദ്യം കൊണ്ടുവരാനുള്ള സാധ്യത കണക്കിലെടുത്തും പരിശോധന നടക്കുന്നുണ്ട്. മദ്യവില്പനയുമായി ബന്ധപ്പെട്ട് നേരത്തെ പിടികൂടിയവരെ കേന്ദ്രീകരിച്ചും മദ്യം വില്‍ക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലുമാണിപ്പോള് പരിശോധന തുടരുന്നത്.
ഇന്നലെ മാത്രം 137 കുപ്പി വിദേശമദ്യമാണ് പോലീസും എക്സൈസും പിടികൂടിയത്. ഡ്രൈഡേ കണക്കിലെടുത്ത് അമിത വിലയ്ക്ക് വില്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചു വച്ച 32 കുപ്പി വിദേശമദ്യമാണ് എലത്തൂര്‍ പോലീസ് പിടികൂടിയത്. എരഞ്ഞിക്കല്‍ പുളിയക്കാട് താഴത്ത് ജിഷ്ണു(22)വിന്റെ വീട്ടില്‍ നിന്നാണ് അരലിറ്റര്‍ വീതമുള്ള 32 കുപ്പി മദ്യം ഇന്നലെ പിടികൂടിയത്.
ഒന്നാം തിയതിയും ഗാന്ധിജയന്തിയും ബീവ്റേജ് ഔട്ട്ലെറ്റുകള് അവധിയാണെന്നത് കണക്കിലെടുത്താണ് മദ്യം വില്പനക്കായി എത്തിച്ചത്. എലത്തൂര്‍ എസ്ഐമാരായ ടി.വി.ധനജ്ഞയദാസ്,പി. രാമചന്ദ്രന് , ഇ. രാധാകൃഷ്ണന് , സിപിഒമാരായ രഞ്ജിത്ത്ലിജേഷ്, രൂപേഷ്, റിജിത്ത് , വനിതാ സിപിഒ സുഭിജ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് വിദേശമദ്യം പിടികൂടിയത്.
സ്കൂട്ടറില്‍ മദ്യവില്‍പ്പന നടത്തുന്നതിനിടെയാണ് 55 കുപ്പി വിദേശമദ്യവുമായി വെള്ളിമാട്കുന്ന് സ്വദേശിയെ എക്സൈസ് സംഘം പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് വെള്ളിമാട്കുന്ന് നിര്‍മല ആശുപത്രിയ്ക്ക് സമീപം സ്കൂട്ടറില്‍ വില്‍പ്പനയ്ക്കായി മദ്യം കൊണ്ടുവന്ന മേരിക്കുന്ന് പുളിയക്കോട്കുന്ന് രഞ്ജിത്ത്കുമാറാ(46) ണ് എക്സൈസിന്റെ പിടിയിലായത്.
സ്കൂട്ടറില്‍ നിന്ന് ഏഴ് കുപ്പിയും വീട്ടില്‍ നിന്ന് 48 കുപ്പിയുമാണ് പിടികൂടിയത്. എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്പക്ടര്‍ പി.മുരളീധരന്, എക്സൈസ് ഉദ്യോഗസ്ഥരായ കെ.പി. ഹരീഷ്കുമാര്‍, സി.കെ. സതീശന്, എന്‍. ശ്രീശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് രഞ്ജിത്ത്കുമാറിനെ പിടികൂടിയത്.
നാദാപുരം എക്സൈസ് സംഘം രണ്ടിടങ്ങളിലായി നടത്തിയ വാഹന പരിശോധനയില്‍ അമ്പത് കുപ്പി വിദേശമദ്യവുമായി രണ്ടു പേര് പിടിയിലായത്. മദ്യം കടത്താന്‍ ഉപയോഗിച്ച രണ്ട് ബൈക്കുകള്‍ എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. പേരാമ്പ്ര കോട്ടൂര്‍ സ്വദേശി തറോലക്കണ്ടി ബിജു (36), മൊകേരി വടയം സ്വദേശി അരിമ്പെമ്മല് നിധീഷ് (34) എന്നിവരാണ് പിടിയിലായ ത്.
തിങ്കളാഴ്ച പുലര്‍ച്ചെ എക്സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടയില്‍ കുറ്റ്യാടി പുഴക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഓഡിറ്റോറിയത്തിന് മുന്‍ വശത്തെ റോഡില്‍ വെച്ചാണ് ബിജു പിടിയിലായത്. കെഎല്‍ 56 എസ് 8044 നമ്പര്‍ ബൈക്കില്‍ ബിഗ് ഷോപ്പറിലാക്കാക്കി മദ്യം കടത്തുന്നതിനിടയിലാണ് എക്സൈസ് പ്രിവന്റീവ് ഓഫിസര്‍ തറോല്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
ഇയാളില്‍ നിന്ന് 500 മില്ലി ലിറ്ററിന്റെ 30 കുപ്പി ബിവറേജ് മദ്യം കണ്ടെടുത്തു. മദ്യം കടത്താന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയില്‍ എടുത്തു. തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് എക്സൈസ് സംഘം മൊകേരിയില്‍ നടത്തിയ വാഹനപരിശോധനയിലാണ് നിധീഷ് കുടുങ്ങിയത്.
മൊകേരി നിര്‍മ്മല ടാക്കീസിന് സമീപത്തെ റോഡില്‍വച്ചാണ് 500 മില്ലി ലിറ്ററിന്റെ 20 കുപ്പി ബിവറേജ് മദ്യവുമായിഎക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ .കെ.ഷാജിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. മദ്യം കടത്താന്‍ ഉപയോഗിച്ച കെ എല്‍ 13 വൈ 7211 നമ്പര്‍ ബൈക്കും എക്സൈസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
രണ്ടു സംഭവങ്ങളിലും അളവില്‍ കൂടുതല്‍ ബിവറേജ് മദ്യം കൈവശം വെച്ചതിനാണ് കേസെടുത്തിട്ടുള്ളത്. എക്സൈസ് സംഘത്തില്‍ ടി.സനു, എന്‍.കെ.ഷിജില്‍ കുമാര്‍, പി.എം.സുരേഷ് കുമാര്‍ , ഡ്രൈവര്‍ പ്രജീഷ് എന്നിവരും ഉണ്ടായിരുന്നു.