മാഹി: മാഹിയിൽ ഹർത്താൽ വന്നാലും നാണുവേട്ടൻ കട തുറക്കും. പള്ളൂർ പന്തക്കലിലെ പാതയോരത്താണ് നാണുവേട്ടന്റെ കട. ഉപഭോക്താക്കളെല്ലാം മാഹിക്കാരാണെങ്കിലും നാണുവേട്ടന്റെ കട മാഹിയിലില്ല എന്നതാണ് ഹർത്താലുകൾ കടയെ ബാധിക്കാതിരിക്കാൻ കാരണം.
മാഹിയോടു ചേർന്നു നിൽക്കുന്പോഴും മാഹിയിൽ അല്ലാത്തതിനാൽ ഹർത്താലിനാഹ്വാനം ചെയ്തവർക്കും കട അടപ്പിക്കാനാവില്ല. ഭൂമിശാസത്രപരമായി മാഹിയിലെ പള്ളൂർ പന്തക്കലിലാണ് കടയെങ്കിലും ഭൂപടപരമായി തലശേരി താലൂക്കിലാണ് ഈ സ്ഥലം ഉൾപ്പെട്ടിരിക്കുന്നത്. അരനൂറ്റാണ്ടായി ഹർത്താൽ ദിവസങ്ങളിൽ മാഹിക്കാരുടെ ആശ്രയം നാണുവേട്ടന്റെ കടയാണ്.