മാഹി: മാഹി മേഖലയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പുകളിൽ എത്തുന്നവർക്ക് വില കൂടിയ പെട്രോൾ നിർബന്ധിച്ച് അടിപ്പിക്കുന്നതായി പരാതി.
പമ്പുകളിൽ പ്രദർശിപ്പിച്ച സ്റ്റോക്ക് ബോർഡുകളിൽ സാധാരണ പെട്രോൾ (എംഎസ്) സ്റ്റോക്ക് എഴുതി വച്ച് പെട്രോൾ ഇല്ലെന്നു പറയുന്നത് ഇന്ത്യൻ ഓയിൽ പമ്പുകളിൽ നിത്യ സംഭവമായി മാറിയിരിക്കുകയാണ്.
വിദൂര സ്ഥലങ്ങളിൽ നിന്ന് വാഹനവുമായി ഫുൾ ടാങ്ക് പെട്രോൾ നിറയ്ക്കുവാനെത്തുന്നവർ ലിറ്ററിന് നാല് രൂപ 50 പൈസ കൂടുതൽ കൊടുത്ത് പ്രീമിയം പെട്രോൾ നിറയ്ക്കേണ്ട ഗതികേടിലായി.
കേരളത്തേക്കാൾ മാഹിയിൽ പെട്രോളിന് ലിറ്ററിന് 14 രൂപയുടെ വില വിത്യാസമുള്ളതിനാലാണ് പലരും ദീർഘ ദൂരം സഞ്ചരിച്ച് മാഹിയിലെത്തുന്നത്.
സാധാരണ പെട്രോൾ വില്പനയുടെ 10 ശതമാനം പ്രീമിയം പെട്രോൾ നിർബന്ധമായും പമ്പുകളിൽ വില്പന നടത്തിയിരിക്കണമെന്ന് ഡിവിഷണൽ ഓഫീസിൽ നിന്നുള്ള കർശന നിർദ്ദേശമാണെന്ന് സൂചനയുണ്ട്.
മാഹിയിലെ ഇന്ത്യൻ ഓയിൽ പമ്പുകളിൽ സാധാരണ പെട്രോളിന് കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതിനാൽ മറ്റു കമ്പനിക്കാരുടെ പെട്രോൾ പമ്പുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.