തൃശൂർ:മദ്യശാലകൾ പ്രവർത്തിക്കാത്ത സമയങ്ങളിൽ തൃശൂർ നഗരത്തിൽ മദ്യക്കച്ചവടം നടത്തിയിരുന്നതിനിടെ അറസ്റ്റിലായ മാഹി സണ്ണിയെ റിമാൻഡ് ചെയ്തു.
അതിരാവിലെ മുതൽ മദ്യഷാപ്പുകൾ തുറക്കുന്ന വരെയുള്ള സമയങ്ങളിൽ തൃശൂർ റൗണ്ടിലും മാർക്കറ്റുകളിലും ഗോവയിൽ നിന്നും മാഹിയിൽനിന്നുമുള്ള മദ്യവും ലഹരി വസ്തുക്കളും വിറ്റിരുന്ന കോട്ടയം സ്വദേശി മാഹി സണ്ണി എന്ന സണ്ണി ലൂക്ക (55)യെയാണ് അറസ്റ്റു ചെയ്തത്. 30 കുപ്പി ഗോവ മദ്യവുമായാണ് ഇയാളെ പിടികൂടിയത്.
അന്യദേശ തൊഴിലാളികൾ ധാരാളമുള്ള തൃശൂരിൽ കഴിഞ്ഞ കുറേ നാളുകളായി ഇയാൾ വില്പന നടത്തിവരികയായിരുന്നു. ദിവസവും രാവിലെ അഞ്ചുമുതൽ ആറുവരെയാണു കച്ചവടം. 30 രൂപയ്ക്ക് ഗോവയിൽനിന്നു മദ്യം വാങ്ങി ട്രെയിൻ മാർഗം തൃശൂരിലെത്തിച്ച് 150 രൂപയ്ക്കാണ് വിറ്റിരുന്നത്.
ഒരു ദിവസം 50 കുപ്പിയോളം വിൽക്കാറുണ്ടെന്ന് ഇയാൾ പറഞ്ഞെന്ന് എക്സൈസുകാർ പറഞ്ഞു. മദ്യശാലകൾക്ക് അവധിയായിരുന്ന ഫെബ്രുവരി ഒന്നിനു മദ്യക്കച്ചവടം നടത്തിയവരെ എക്സൈസ് റേഞ്ച് പാർട്ടി പിടികൂടിയിരുന്നു.
അന്യദേശ തൊഴിലാളികൾക്കിടയിൽ ലഹരി ഉപയോഗം വർധിച്ചു വരുന്നതായി മനസിലാക്കിയ എക്സൈസ് വരുംദിവസങ്ങളിൽ റെയ്ഡുകൾ ശക്തമാക്കാൻ തീരുമാനിച്ചു.
പ്രിവന്റീവ് ഓഫീസർ സജീവ് സിവിൽ, എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, ടി.ആർ. സുനിൽ, മനോജ്കുമാർ എന്നിവർ തൊഴിലാളികളുടെ വേഷത്തിൽ അവർക്കിടയിൽ ഇരുന്നു മൂന്നു ദിവസം നിരീക്ഷിച്ച ശേഷമണ് ഇയാളെ പിടികൂടിയത്.