മാഹി: കേരള ഹൈക്കോടതി വിധി അനുകൂലമായതോടെ മാഹി പാതയോരത്ത് അടച്ചുപൂട്ടിയ 32 മദ്യശാലകളും ജൂൺ ഏഴോടെ തുറക്കുമെന്നു സൂചന. ഹൈക്കോടതി വിധിപകർപ്പ് പുതുച്ചേരി എക്സൈസ് കമ്മീഷണർക്കു അടുത്തദിവസം തന്നെ സമർപ്പിക്കും. കോടതി വിധിയിൽ ആഹ്ലാദത്തിലാണു മാഹിയിലെ ചുമട്ടുതൊഴിലാളികളും മദ്യശാലകൾ പൂട്ടിയതിൽ ജോലി നഷ്ടപ്പെട്ട ജീവനക്കാരും. മാഹി ഐ.കെ. കുമാരൻ മാസ്റ്റർ റോഡിൽ രണ്ടു മദ്യശാലകൾ തുറന്നു പ്രവർത്തനം തുടങ്ങിയപ്പോൾ ജനകീയ ആക്ഷൻ കമ്മിറ്റി സമരരംഗത്തിറങ്ങിയിരുന്നു.
പ്രത്യേക സാഹചര്യത്തിൽ ജനകീയ ആക്ഷൻ കമ്മിറ്റി നടത്തിവന്നിരുന്ന സമരം ഇന്നലെ അവസാനിപ്പിച്ചു. മാഹിയിലെ മദ്യഷോപ്പുകൾ പൂട്ടിയതോടെ പള്ളൂർ, പന്തക്കൽ മേഖലകളിൽ മദ്യപശല്യം രൂക്ഷമായിരുന്നു. ബസ് യാത്ര പോലും നടത്താൻ കഴിയാത്ത അവസ്ഥയിലാരുന്നു പ്രദേശത്തുകാർ. മാഹിയിൽ ബാറുകൾ തുറക്കുന്നത് ഇവിടത്തുകാരെ സന്തോഷിപ്പിക്കുന്പോൾ ഏപ്രിൽ ഒന്നിനു ശേഷം ആശ്വസിച്ച മാഹിക്കാർ വീണ്ടും പഴയ സ്ഥിതിയിലേക്കു പോകുന്നതിൽ ആശങ്കയിലുമാണ്.
വീണ്ടും മദ്യഷോപ്പുകൾ തുറക്കുന്പോൾ മാഹിയിലെ മുഴുവൻ മദ്യശാലകളിലും ടോയ്ലറ്റ് സ്ഥാപിക്കുക, വിലകുറഞ്ഞ മദ്യം വിൽക്കാതിരിക്കുക, മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുവാൻ ഉദ്യോഗസ്ഥരെ നിയമിക്കുക, തുറക്കലും പൂട്ടലും കൃത്യസമയം പാലിക്കുക, മദ്യഷോപ്പുകൾ അടച്ചാൽ പൂഴിത്തലയിലെ അനധികൃത മദ്യവിൽപ്പനയ്ക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയവയാണു മാഹിക്കാർ ആവശ്യപ്പെടുന്നത്. ഇതിനിടെ മദ്യത്തിനെതിരെ നിരന്തരം പോരാടുന്ന മയ്യഴിക്കൂട്ടം ഭാരവാഹികൾ മദ്യഷോപ്പുകൾ വീണ്ടും തുറന്നാൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നു ഭാരവാഹികൾ പറഞ്ഞു.