മാഹി: കൊറോണ വൈറസ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി മാഹിയിലെ ബാറുകൾ അടച്ചതോടെ മദ്യപാനികൾ മാഹിയിൽ നിന്നും കുപ്പിയുമായെത്തുന്നത് സമീപപ്രദേശത്തെ വയലുകളിലും തെങ്ങിൻതോപ്പിലും ഉൾനാടൻ പാതയോരങ്ങളിലും.
മാഹിയിൽ ബാറുകൾ അടച്ചതോടെ മോന്താൽ-കുഞ്ഞിപ്പള്ളി-ഓർക്കാട്ടേരി റോഡിനോടു ചേർന്ന തെങ്ങിൻ തോപ്പുകളും മാഹിപുഴയോരവും റോഡിനോടു ചേർന്ന ആളൊഴിഞ്ഞ പറന്പുകളും മദ്യപൻമാർ തങ്ങളുടെ കേന്ദ്രമാക്കി മാറ്റുകയാണ്.
മദ്യപൻമാരുടെ ശല്യം കാരണം സ്ത്രീകൾക്കും കുട്ടികൾക്കും വഴിയാത്രപോലും ദുരിതമായി മാറി. കാറുകളിലും ഓട്ടോറിക്ഷകളിലും ഇരുചക്രവാഹനങ്ങളിലും മദ്യവുമായി എത്തുന്ന പലരും രാത്രിയേറെ വൈകുവോളം ഇവിടെ ചെലവഴിക്കുകയാണ്.
ചോന്പാല പോലീസ് സ്റ്റേഷനിൽ നിന്നും വിളിപ്പാടകലെയുള്ള കല്ലാമല, കുറിച്ചിക്കര, കുന്നുമ്മക്കര എന്നിവിടങ്ങളിലും പുഴയോരത്തോടു ചേർന്ന കൈപ്പാട് വയലുകളിലും പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മദ്യപസംഘം അഴിഞ്ഞാടുകയാണ്.
റോഡിലും ആളൊഴിഞ്ഞ പറന്പിലും വാഹനം നിർത്തിയിട്ട ശേഷം തെങ്ങിൻ തോപ്പുകളിലേക്ക് പോയാണ് മദ്യപാനം.
കുഞ്ഞിപ്പള്ളി-ചിറയിൽപീടിക-ഓർക്കാട്ടേരി റോഡിൽ ആൾതാമസം പൊതുവെ കുറഞ്ഞ കല്ലാമല മുതൽ കുറിച്ചിക്കര, കുന്നുമ്മക്കര വരെയുള്ള തെങ്ങിൻ തോപ്പുകളാണ് ഇവരുടെ പ്രധാന കേന്ദ്രം.
മദ്യാപനികളെ ഭയന്ന് ഉടമസ്ഥർപോലും തങ്ങളുടെ സ്ഥലത്തേക്ക് പോകാൻ മടിക്കുകയാണ്.
ഇത്തരം മദ്യപാനം ചോദ്യം ചെയ്തതിന്റെ പേരിൽ സമീപത്തെ ഒരു വീട്ടുകാരനെമദ്യപസംഘം ഭീഷണിപ്പെടുത്തുകയും രാത്രി വീടിനു മുന്നിൽ എത്തി തെറി വിളിക്കുകയും ചെയ്തിരുന്നു.
പോലീസുദ്യോഗസ്ഥരോട് മദ്യപശല്യത്തെ കുറിച്ച് പറഞ്ഞിരുന്നെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
പോലീസ് പട്രോളിംഗ് ശക്തമാക്കുകയും പരസ്യമദ്യപാനത്തിലേർപ്പെടുന്നവർക്കെതിരേ കർശന നടപടി എടുക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
മദ്യപാനത്തിനു പുറമേ മയക്കുമരുന്നുപയോഗവും ഇവിടം കേന്ദ്രീകരിച്ചു നടക്കുന്നതായും സംശയമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.